photo

ചിറയിൻകീഴ്: ഗണപതിയാംകോവിൽ - പെരുമാതുറ റോഡിന്റെ ശോചനീയാവസ്ഥ ഇതുവഴിയുളള യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന താലൂക്കിലെ തന്നെ പ്രധാനപാതയിലൊന്നാണിത്. തീരദേശമേഖലയായ പെരുമാതുറയേയും ചിറയിൻകീഴിനേയും ബന്ധിപ്പിക്കുന്ന റോഡുകൂടിയാണിത്. വർഷങ്ങളായുളള തീരദേശ വാസികളുടെ കാത്തിരിപ്പിനൊടുവിൽ 2009ലാണ് ഇരുകരകളായി കഴിഞ്ഞിരുന്ന പെരുമാതുറ മേഖലയേയും അഴൂർ മേഖലയേയും ബന്ധിപ്പിച്ചുകൊണ്ട് ഇവിടെ പാലം വന്നത്. ഇതോടെ ഇരുമേഖലകളിലുമെത്താൻ കിലോമീറ്ററുകൾ സഞ്ചരിക്കണമെന്ന അവസ്ഥയിൽ മാറ്റമുണ്ടായി. എന്നാലിപ്പോൾ പാലം കടന്നുപോകുന്ന റോഡ് പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. റോഡിൽ പലയിടത്തും ടാറിളകി കുഴികൾ രൂപപ്പെട്ടു. കുഴികളിൽ വീണ് പരിക്കേൽക്കുന്ന ബൈക്ക് യാത്രക്കാരും കുറവല്ല. മഴക്കാലമായാൽ പലയിടത്തും വെള്ളക്കെട്ടും രൂപപ്പെടുന്നു. റോഡിലെ കോവിൽക്കട ജംഗ്ഷൻ, അഴൂർ പള്ളിക്ക് സമീപം, മാടൻവിള എന്നിവിടങ്ങളിലെല്ലാം റോഡിന്റെ സ്ഥിതി കൂടുതൽ മോശമാണ്. മാത്രമല്ല പാലത്തിലും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് പാലത്തിലുണ്ടായിരുന്ന കുഴികൾ ബന്ധപ്പട്ടവർ അടച്ചിരുന്നു. ഇതിന് സമീപത്തായാണ് ഇപ്പോൾ വീണ്ടും കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. ഇതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. അഴൂർ റെയിൽവേ ഗേറ്റ് എളുപ്പം കടക്കാൻ റോഡിന്റെ ശോചനീയാവസ്ഥ വാഹനയാത്രക്കാർക്ക് പലപ്പോഴും വെല്ലുവിളിയാവാറുണ്ട്. ഇതുകൂടാതെ പാലത്തിനെയും അപ്രോച്ച് റോഡിനെയും ബന്ധിപ്പിക്കുന്ന ഭാഗത്തും പ്രശ്നങ്ങളുള്ളതായി നാട്ടുകാർ ആരോപിക്കുന്നു.

യാത്രക്കാർക്ക് ദുരിതം

പെരുമാതുറ പുലിമുട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട് വലിയ ടോറസ് വാഹനങ്ങളും സ്കൂൾ വാഹനങ്ങളും ചിറയിൻകീഴിലെ റെയിൽവേ ഗേറ്റുകൾ പണിമുടക്കുന്ന സമയങ്ങളിൽ അവിടുത്തെ പല വാഹനങ്ങളും കടന്നുപോകുന്ന വഴികൂടിയാണിത്. ചിറയിൻകീഴ് മേഖലയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് നാഷണൽ ഹൈവേയിലെ തിരക്കൊഴിവാക്കി തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തുവാൻ ഈ റോഡുവഴി കടന്നുപോവണം. റോഡ് കടന്നുപോകുന്ന അഴൂർ കടവ് പാലത്തിൽ തെരുവ് വിളക്കുകൾ കത്താത്തതും തെരുവ് നായ്ക്കളുടെ ശല്യവുമെല്ലാം ഇവിടുത്തെ യാത്രക്കാർക്ക് ദുരിതങ്ങളാണ് സമ്മാനിക്കുന്നത്.