dam

കാട്ടാക്കട: തെക്കൻ കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ നെയ്യാർഡാമിൽ നിന്നുമുള്ള പ്രധാന റോഡായ നെയ്യാർഡാം -വ്ലാവെട്ടി-കോട്ടൂർ റോഡ് തകർന്നു. അന്തർദേശീയ പ്രശസ്തി നേടിയ നെയ്യാർഡാം ശിവാനന്ദാശ്രമം,ഓപ്പൺ ജയിൽ,മാൻ പാർക്ക്,അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്നു കാപ്പുകാട് ആനപുനരധിവാസ കേന്ദ്രം,സഹകരണ കോളേജ് എന്നിവിടങ്ങളിലെല്ലാം പോകുന്നവർ ആശ്രയിക്കുന്നത് ഈ റോഡിനെയാണ്. വിദ്യാർത്ഥികളടക്കം ആയിരക്കണക്കിന് ആളുകളാണ് ദിനം പ്രതി ഈ റോഡിലൂടെ സഞ്ചരിക്കുന്നത്.

നെയ്യാർഡാം മുതൽ കോട്ടൂർ വരെ അഞ്ച് കിലോമീറ്റർ ദൂരമാണ് ഉള്ളത്. ഇതിൽ കോട്ടൂമുതൽ വ്ലാവെട്ടി വരെ അരുവിക്കര നിയോജക മണ്ഡലത്തിലും ബാക്കി ഭാഗം പാറശാല നിയോജക മണ്ഡലത്തിലുമാണ് സ്ഥിതി ചെയ്യുന്നത്.അരുവിക്കര നിയോജക മണ്ഡലത്തിലെ റോഡ് പി.ഡബ്ലിയു.ഡിയാണ് നവീകരിച്ചിരിക്കുന്നത്. വ്ലാവെട്ടിമുതൽ മാൻപാർക്ക് വരെ കള്ളിക്കാട് ഗ്രാമപഞ്ചായത്തിന്റെ അധീനതയിലും മാൻപാർക്ക് മുതൽ നെയ്യാർഡാം വരെ ഇറിഗേഷൻ വകുപ്പിന്റെ കീഴിലുമാണ് റോഡുപണി നടത്തിയിരുന്നത്.എന്നാൽ വ്ലാവെട്ടിമുതൽ നെയ്യാർഡാം വരെയുള്ള റോഡ് ടാറിംഗ് നടത്തിയിട്ട് 15 വർഷത്തിലേറെയായി.

റോഡ് അപകടാവസ്ഥയിൽ

ശിവാനന്ദാശ്രമത്തിന് സമീപത്തെ റോഡും ഓപ്പൺ ജയിൽ, മാൻപാർക്ക് എന്നിവിടങ്ങളിൽ റോഡ് പൂർണമായും തകർന്നിരിക്കുകയാണ്. പലയിടങ്ങളിലും ടാറിംഗും മെറ്റലും ഇളകി മാറി. ഇരുചക്ര വാഹനങ്ങളുൾപ്പടെ നിരന്തരം അടകടത്തിൽപ്പെടുന്നതായും പ്രദേശവാസികൾ പറയുന്നു.

വീതികൂട്ടി ടാറിംഗ് നടത്തണം

അരുവിക്കര മണ്ഡലത്തിലെ റോഡ് അവസാനിക്കുന്നതുവരെ രണ്ടുവരി പാതയാണ്. അതു കഴിഞ്ഞ് കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രമേ കടന്നുപോകാൻ കഴിയൂ.

രാത്രികാലങ്ങളിൽ വ്ലാവെട്ടി ആദിവാസി സെറ്റിൽമെന്റിലുള്ളവർക്ക് അസുഖം വന്നാൽ നെയ്യാർഡാം, കാട്ടാക്കട ആശുപത്രികളിൽ എത്തിക്കണമെങ്കിലും ഈ റോഡിനെ ആശ്രയിക്കണം. അടിയന്തരമായി വ്ലാവെട്ടി മുതൽ നെയ്യാർഡാം വരെയുള്ള റോഡ് പി.ഡബ്ലിയു.ഡി വിഭാഗം ഏറ്റെടുക്കുകയും വീതികൂട്ടി ടാറിംഗ് നടത്താൻ അധികൃതർ തയ്യാറാകണമന്ന ആവശ്യവും ശക്തമായിട്ടുണ്ട്.