തിരുവനന്തപുരം: വെള്ളിക്കുതിരമേലേറി വേളിമല കുമാരസ്വാമി പൂജപ്പുരയിലേക്ക് എഴുന്നള്ളി,​ പള്ളിവേട്ട കഴിഞ്ഞ് മടങ്ങിയതോടെ നവരാത്രി മഹോത്സവത്തിന് സമാപനമായി. ആര്യശാല ക്ഷേത്രത്തിൽ കുടിയിരുന്ന കുമാരസ്വാമി രാവിലെ ഒൻപതോടെയാണ് പൂജപ്പുര മണ്ഡപത്തിലേക്ക് എഴുന്നള്ളിയത്. ഘോഷയാത്ര കാണാനായി വൻജനാവലി തന്നെയുണ്ടായിരുന്നു. ഉച്ചയോടെ ചെങ്കള്ളൂർ മഹദേവ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട കാവടി ഘോഷയാത്ര പൂജപ്പുരയിലെത്തി ചേർന്നതോടെ പ്രദേശമാകെ ജനസാഗരമായി. പൊലീസും വോളന്റിയേഴ്സും തിരക്ക് നിയന്ത്രിക്കാൻ പാടുപെട്ടു. രാവിലെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഉച്ചയ്ക്ക് 2ന് നടന്ന കാവടി അഭിഷേകത്തിന് ശേഷം കാട്ടുനട നിവാസികളുടെ കുമാര സ്വാമിയ്ക്കുള്ള പതിവ് നാരങ്ങാഹാര സമർപ്പണവും നടന്നു. തുടർന്ന് വെള്ളിക്കുതിരയിലേറിയുള്ള പള്ളിവേട്ടയ്ക്ക് ശേഷം വൈകിട്ട് നാലരയോടെ കുമാരസ്വാമി പൂജപ്പുരയിൽ ആര്യശാലയിലേക്ക് മടങ്ങി. സന്ധ്യകഴിഞ്ഞ് ചെന്തിട്ടയിൽ നിന്ന് മുന്നൂറ്റിനങ്കയേയും ആര്യശാലയിൽ നിന്ന് കുമാരസ്വാമിയെയും കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിന് മുന്നിലേക്ക് എഴുന്നള്ളിച്ചു. രാജകുടുംബത്തിന്റെ സ്വീകരണവും കാണിക്ക സമർപ്പണവും നടന്നതിനുശേഷം വിഗ്രഹങ്ങളെ ക്ഷേത്രങ്ങളിലേക്ക് ആനയിച്ചു. ഇന്ന് നല്ലിരുപ്പാണ്. നാളെ മടക്കയാത്ര. രാവിലെ കിള്ളിപ്പാലത്ത് വിഗ്രഹങ്ങൾ സംഗമിക്കും. 17ന് വിഗ്രഹഘോഷയാത്ര പദ്മനാഭപുരത്ത് മടങ്ങിയെത്തും.

 ആദ്യക്ഷരം കുറിച്ചത് 1300ലേറെ കുരുന്നുകൾ

പൂജപ്പുര സരസ്വതി മണ്ഡപത്തിൽ വിദ്യാരംഭ ചടങ്ങുകൾ രാവിലെ 5.30ന് ആരംഭിച്ചു. ശ്രീസ്വാതി തിരുനാൾ സരസ്വതി മണ്ഡപത്തിലും ശ്രീ ചിത്തിര തിരുനാൾ ഓഡിറ്റോറിയത്തിലുമായാണ് വിദ്യാരംഭ ചടങ്ങുകൾ നടന്നത്. 1300ൽപ്പരം കുരുന്നുകൾ ആദ്യക്ഷരം കുറിക്കാനെത്തി. സംഗീതം ഉൾപ്പെടെ വിവിധ കലകളുടെ വിദ്യാരംഭവും നടന്നു. ഡോ.ശശി തരൂർ എം.പി, മുൻ എം.പി.എ.സമ്പത്ത്, മുൻ മേയർ കെ.ചന്ദ്രിക, ജി.എസ്.പ്രദീപ്, സൂര്യ കൃഷ്ണമൂർത്തി, ആർക്കിടെക്ട് ജി.ശങ്കർ, മുൻ എക്സൈസ് കമ്മീഷണർ എസ്.അനന്തകൃഷ്ണൻ തുടങ്ങിയവർ വിദ്യാരംഭത്തിന് നേതൃത്വം നൽകി.