
വർക്കല: വർക്കലയിൽ 30ഓളം പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു. 22പേർ താലൂക്ക് ആശുപത്രിയിലും 8 പേർ ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിലും ചികിത്സ തേടി. വർക്കല ടെംപിൾ റോഡിൽ പ്രവർത്തിക്കുന്ന ന്യൂ സ്‌പൈസി ഫുഡ്ബേ, എലിഫന്റ് ഈറ്ററി എന്നി ഹോട്ടലുകളിൽ നിന്നും കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കുഴിമന്തി കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഹോട്ടലിൽ നേരിട്ടെത്തി കഴിച്ചവരും പാർസൽ വാങ്ങി കഴിച്ചവരും ഒരുപോലെ വയറു വേദനയും പനിയും ഛർദിലുമായി ഇന്നലെ ചികിത്സ തേടിയത്. 18 മുതൽ 28 വയസ്സുവരെയുള്ള യുവതീ യുവാക്കളാണ് ചികിത്സയിൽ കഴിയുന്നത്. ആരുടെയും നില ഗുരുതരമല്ല. ഇവർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഭക്ഷ്യ സുരക്ഷാ വിഭാഗം ഹോട്ടലിൽ പരിശോധന നടത്തി രണ്ട് ഹോട്ടലുകളും അടപ്പിച്ചു. ന്യൂ സ്‌പൈസി ഫുഡ്ബേയിൽ പാകം ചെയ്യുന്ന ആഹാരമാണ് റോഡിന്റെ എതിർ വശത്തുള്ള എലിഫന്റ് ഈറ്ററി ഹോട്ടലിൽ നൽകുന്നത്. ഒരേ മാനേജ്മെന്റിന്റെ കീഴിലുള്ള ഹോട്ടലുകളാണ് ഇത്. കഴിഞ്ഞ മാർച്ചിൽ ന്യൂ സ്‌പൈസിയിൽ നിന്നും ആഹാരം കഴിച്ച 100 ഓളം പേർക്ക് ഭക്ഷ്യ വിഷബാധയേറ്റിരുന്നു. അന്നും ആരോഗ്യ വകുപ്പ് പരിശോധന നടത്തി ഹോട്ടൽ പൂട്ടിയിരുന്നു. നാല് മാസം മുമ്പാണ് ഹോട്ടൽ വീണ്ടും പ്രവർത്തനം ആരംഭിച്ചത്.