കിളിമാനൂർ: സ്കൂൾ കലോത്സവങ്ങൾക്ക് അരങ്ങുണർന്നതോടെ മത്സരാർത്ഥികൾക്കും രക്ഷിതാക്കൾക്കും നെഞ്ചിടിപ്പ് കൂടി. നൃത്തയിനങ്ങൾക്കുള്ള ചെലവ് താങ്ങാനാവാതെ സാധാരണക്കാർ പലരും മത്സരയിനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. അദ്ധ്യാപകരുടെ ഫീസ് മുതൽ മേക്കപ്പ് സാധനങ്ങളുടെ വരെയുള്ള ചെലവ് ഇരട്ടിയിലധികമാണിപ്പോൾ. ഒന്നിലധികം ഐറ്റങ്ങളിൽ പങ്കെടുക്കേണ്ടവരുടെ പോക്കറ്റ് കാലിയാവുമെന്ന് തീർച്ച. മൊത്തത്തിൽ വിപണിയിലുണ്ടായ വിലക്കയറ്റം നൃത്തമേഖലയേയും ബാധിച്ചിട്ടുണ്ട്. ഒരു ഐറ്റം വേദിയിലെത്തണമെങ്കിൽ മിനിമം അൻപതിനായിരം രൂപ വരെ ആവശ്യമായി വരും. ഒന്നിലേറെ മത്സരങ്ങളുണ്ടെങ്കിൽ പറയുകയും വേണ്ട. ഒരു വശത്ത് കാശുള്ളവർ അരങ്ങ് കൊഴുപ്പിക്കുമ്പോൾ കലയോടുള്ള ആഗ്രഹം കൊണ്ട് ഒപ്പമെത്താൻ പെടാപ്പാടുപെടുന്ന ഒരുപാട് കുട്ടികളും രക്ഷിതാക്കളുമുണ്ട്. കഴിവുള്ള മക്കളെ അരങ്ങിലെത്തിക്കാൻ കടംവാങ്ങിയും പണയംവച്ചും എത്തുന്നവരും അനവധിയാണ്. ഒരാൾക്ക് മൂന്ന് സിംഗിൾ ഇനങ്ങളിൽ മത്സരിക്കാം. എന്നാൽ അപ്പോഴേക്കും ചെലവ് മിനിമം ഒന്നര ലക്ഷത്തോളം വരും.
മിനിമം ചാർജ്
മേക്കപ്പിന് 3000 മുതൽ 5000 വരെയാണ്
പട്ടുവസ്ത്രങ്ങൾക്ക് മിനിമം 8000
തയ്യൽക്കൂലി 3500
ആഭരണങ്ങൾക്ക് 1500 വരെ
വാടക ഉയർന്നു
ആഭരണങ്ങളും വസ്ത്രങ്ങളും സ്വന്തമായി വാങ്ങുന്നവരും വാടകയ്ക്ക് എടുക്കുന്നവരുമുണ്ട്. വസ്ത്രങ്ങളുടെ തയ്യൽക്കൂലിയും വാടകയും അമ്പത് ശതമാനത്തിലേറെ ഉയർന്നു. സ്റ്റേജിലെ അവതരണം മാത്രമല്ല, മേക്കപ്പിന്റെയും വസ്ത്രത്തിന്റെയും പകിട്ടും തിളക്കവുമെല്ലാം മാർക്കിനെ സ്വാധീനിക്കും. അതിനാൽ പരമാവധി തിളക്കവും മേന്മയുള്ളവയാണ് എല്ലാവരും തിരഞ്ഞെടുക്കുക. പത്ത് മിനിറ്റുള്ള ഒരു ഐറ്റത്തിന് മിനിമം 30,000 രൂപയാണ് അദ്ധ്യാപകരുടെ ഫീസ്.
അപ്പീൽ ഫീസിൽ വർദ്ധന
ഇത്തവണ റവന്യൂ ജില്ലാ കലോത്സവത്തിന്റെ അപ്പീൽ ഫീസും വർദ്ധിപ്പിച്ചിട്ടുണ്ട്. 2000 രൂപയായിരുന്നത് 5000 രൂപയായും ഉപജില്ലാതല അപ്പീൽ ഫീസ് 1000 രൂപയിൽ നിന്ന് രണ്ടായിരമായും സ്കൂൾതല ഫീസ് 500 രൂപയിൽ നിന്നും 1000 രൂപയായും വർദ്ധിച്ചു.