photo

ചിറയിൻകീഴ്: ശക്തമായ തിരമാലയിൽ മുതലപ്പൊഴിയിൽ രണ്ട് ബാർജുകൾ പുലിമുട്ടിലേക്ക് ഇടിച്ചുകയറി. ശനിയാഴ്ച രാവിലെ 10.30നാണ് ആദ്യത്തെ അപകടം.

വിഴിഞ്ഞത്തേക്ക് പുറപ്പെട്ട കൂറ്റൻ ബാർജ് അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെടുകയായിരുന്നു. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബാർജ് പുലിമുട്ടിലേക്ക് ഇടിച്ചുകയറി. ബാർജിലുണ്ടായിരുന്ന അഞ്ച് ജീവനക്കാരെ വടംകെട്ടിയാണ് പുറത്തെത്തിച്ചത്. പരിക്കേറ്റ സാബിർ ഷൈക്ക്, സാദഅലിഗഞ്ചി എന്നിവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹരീന്ദ്ര റോയ്, മിനാജുൽ ഷൈക്ക്,മനുവാർ ഹുസൈൻ എന്നിവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. അഴിമുഖത്ത് നിന്ന് നീക്കുന്ന മണൽ പുറംകടലിൽ നിക്ഷേപിക്കുന്നതിനായാണ് മാസങ്ങൾക്ക് മുമ്പ് ബാർജുകൾ മുതലപ്പൊഴിയിലെത്തിച്ചത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് മണൽ നീക്കം നിലച്ചിരുന്നു.

രാത്രി 8:30ഓടെയാണ് രണ്ടാമത്തെ അപകടം. മുതലപ്പൊഴിയിലുണ്ടായിരുന്ന മറ്റൊരു ബാർജ് ആങ്കർ പൊട്ടി പുലിമുട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബാർജിലുണ്ടായിരുന്ന 15 ജീവനക്കാരെ രക്ഷപ്പെടുത്തി. മുതലപ്പൊഴിയിലെ തെക്കെ പുലിമുട്ടിന്റെ ഭാഗത്താണ് നിലവിൽ രണ്ട് ബാർജുകളും ഇടിച്ചുകയറി കുരുങ്ങിക്കിടക്കുന്നത്. നിലവിൽ ഇവിടെ കടൽ പ്രക്ഷുബ്ധമാണ്.

കടൽ ശാന്തമാകുകയാണെങ്കിൽ പുലിമുട്ടിൽ കുടുങ്ങിയ ബാർജുകളെ ലോങ് ബൂം എക്‌സവേറ്റർ ഉപയോഗിച്ച് ഇന്ന് കടലിലേക്ക് ഇറക്കാൻ ശ്രമിക്കും.

മണൽ നീക്കത്തിനായി അമൃത് എന്ന കമ്പനിക്കാണ് അദാനി ഗ്രൂപ്പ് സബ് കോൺട്രാക്ട് നൽകിയിരുന്നത്. നിലവിൽ അവരുമായുളള കോൺട്രാക്ട് കഴിഞ്ഞതോടെയാണ് ബാർജുകൾ ഇവിടെ നിന്ന് കൊണ്ടുപോകുന്നത്. മണൽ നീക്കത്തിനായി ഡ്രഡ്‌ജർ ഉടനെത്തുമെന്ന് അദാനി സൈറ്റ് മാനേജർ സുനിൽ അയ്യപ്പൻ പറഞ്ഞു. നിലവിൽ അഴിമുഖത്തിന് സമീപമായി ബാർജുകൾ കുടുങ്ങിക്കിടക്കുന്നത് മത്സ്യബന്ധനത്തിന് പോകുന്ന വള്ളങ്ങൾക്ക് ഭീഷണിയാണ്.