
പാലോട്: അതി ശക്തമായ മഴ തുടരുമ്പോൾ പരിസ്ഥിതി ദുർബല മേഖലയായ ബ്രൈമൂറിൽ ഏതു നിമിഷവും തകർന്നു വീഴാവുന്ന നിലയിലുള്ള ലയങ്ങളിൽ താമസിക്കുന്നവർ ഭീതിയിലാണ്. കേറിക്കിടക്കാൻ ഒരുതുണ്ട് മണ്ണ് സ്വന്തമായില്ല. തലസ്ഥാന ജില്ലയിലെ പ്രമുഖ തേയിലത്തോട്ടമായിരുന്ന ബ്രൈമൂർ എസ്റ്റേറ്റിൽ നരക ജീവിതം നയിക്കുകയാണ് മുപ്പതോളം കുടുംബങ്ങൾ.
കാട്ടാന,കാട്ടുപോത്ത്,കരടി,കാട്ടുപന്നി എന്നിവയുടെ ശല്യം വേറെയും. വിധവകളും രോഗികളുമായ പതിനഞ്ചോളം സ്ത്രീകളുണ്ട് കൂട്ടത്തിൽ, പ്രായാധിക്യത്തിന്റെ പേരിൽ ഇവർക്ക് വേതനം നിഷേധിച്ചിരിക്കുകയാണ് എസ്റ്റേറ്റ് മാനേജ്‌മെന്റ്. പ്രതികരിക്കുന്ന യുവാക്കളെ മരംകൊള്ളയുടെയും ലഹരി വില്പനയുടെയും മറവിൽ കള്ളക്കേസുകളിൽ കുടുക്കും.അങ്കണവാടിയോ പ്രാഥമിക ചികിത്സയ്ക്കുള്ള സൗകര്യങ്ങളോ ഇവിടില്ല.
റേഷനരി വാങ്ങാൻ 9കിലോമീറ്റർ കാടിറങ്ങി ഇടിഞ്ഞാറിൽ എത്തണം.തൊഴിൽ വകുപ്പ് 496 രൂപ മിനിമം വേതനം ഉറപ്പ് നൽകിയെങ്കിലും 400 രൂപയാണ് ലഭിക്കുന്നത്. 800 ദിവസം തുടർച്ചയായി തൊഴിലാളികൾ സമരത്തിലായിരുന്നു. ഇതോടെയാണ് 300 രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് വേതനമായി 400 രൂപയായത്.
തേയിലയും റബ്ബറും സുഗന്ധ വ്യഞ്ജനങ്ങളും കാടുമൂടിയ എസ്റ്റേറ്റിന്റെ നവീകരണത്തിന് മനേജ്‌മെന്റും താത്പര്യമെടുക്കുന്നില്ല. എസ്റ്റേറ്റ് ഉടമ അടുത്തിടെ മരണപ്പെട്ടിരുന്നു.അനന്തരാവകാശി
തൊഴിലാളികൾ ബുദ്ധിമുട്ടിൽ
പ്രൊവിഡൻ ഫണ്ടും ഗ്രാറ്റുവിറ്റിയും ശമ്പളക്കുടിശികയുമടക്കം നൽകാനുള്ള ആനുകൂല്യങ്ങളും സ്വന്തമായി ഒരുപിടി മണ്ണും ലഭിച്ചാൽ എസ്റ്റേറ്റിൽ നിന്ന് ഒഴിഞ്ഞുപോകാൻ തൊഴിലാളികൾ തയ്യാറാണ്. രണ്ടു വർഷത്തോളം നീണ്ടു നിന്ന തൊഴിലാളി സമരം അവസാനിച്ചത് മൂന്നു മാസം മുൻപാണ്. തമിഴ്നാട്ടിൽ നിന്നെത്തിയ നൂറുകണക്കിന് കുടുംബങ്ങളാണ് ഇവിടെ പണിയെടുത്തത്. വിദേശിയായ എഡ്വേഡ് വിൽമൂറിന് ശേഷം നാട്ടുകാർ തോട്ടം ഏറ്റെടുത്തതോടെ പട്ടിണിയായി. ഭൂരിഭാഗം തൊഴിലാളികളും തിരികെ മടങ്ങി. ശേഷിക്കുന്നവർ തുച്ഛമായ വരുമാനത്തിലുമാണ് ജോലിയെടുക്കുന്നത്.
ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല,
വേതനവും കുറവ്
തൊഴിലാളികൾക്ക് നിയമപരമായ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നെടുമങ്ങാട് പ്ലാന്റേഷൻ ഇൻസ്‌പെക്ടർ 2023 ഏപ്രിൽ 21 ന് എസ്റ്റേറ്റിൽ പരിശോധന നടത്തി. ലയങ്ങൾ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. നിയമലംഘനത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. 1948-ലെ മിനിമം വേതന നിയമം, പ്ലാന്റേഷൻ ലേബർ നിയമം, ഇൻഡസ്ട്രിയൽ എസ്റ്റാബ്ലിഷ്‌മെന്റ് (നാഷണൽ ആൻഡ് ഫെസ്റ്റിവൽ ഹോളിഡെയ്‌സ്) നിയമം, പ്രസവാനുകൂല്യ നിയമം, കാഷ്വൽ ടെമ്പററി വർക്കേഴ്സ് വേതന നിയമം എന്നിവ പ്രകാരവും തൊഴിലുടമയ്ക്ക് പരിശോധന ഉത്തരവ് നൽകി. ഇതനുസരിച്ച് പ്രവർത്തിക്കാൻ ഉടമ തയ്യാറാകാത്തതിന്റെ അടിസ്ഥാനത്തിൽ 2023 ജൂൺ 9-ന് പ്ലാന്റേഷൻ ഇൻസ്‌പെക്ടർ കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു.