
കോവളം: കോടതിയിലും പൊലീസ് സ്റ്റേഷനിലും പോകാതെ തന്നെ ക്രിമിനലും സിവിലും ഗാർഹിക പ്രശ്നങ്ങളുമടക്കമുളള തർക്കങ്ങൾ പരിഹരിക്കാൻ വെങ്ങാനൂരിൽ ഗ്രാമ പഞ്ചായത്തിൽ ഗ്രാമകോടതിക്ക് തുടക്കമായി. സംസ്ഥാനത്ത് ആദ്യമായി വാതിൽപടിയിൽ നിയമ സഹായം നടപ്പാക്കുന്ന പരിപാടി ഹൈക്കോടതി സീനിയർ ജഡ്ജും കേരള ലീഗൽ സർവീസ് അതോറിട്ടി എക്‌സിക്യൂട്ടീവ് ചെയർമാനുമായ ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ് ഉദ്ഘാടനം ചെയ്തു.
ഗ്രാമ കോടതി ഗാന്ധിയൻ പ്രശ്‌ന പരിഹാര ഫോറത്തിന്റെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. ഡോ.ശശി തരൂർ എം.പി ഗ്രാമ കോടതിയുടെ ലോഗോ പ്രകാശനം ചെയ്തു. ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയും പഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കിയത്. എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയാണ് അദാലത്ത് നടത്തുക. പരാതികൾ സ്വീകരിക്കുന്നതിന് പഞ്ചായത്ത് ഓഫീസിന് മുന്നിൽ പരാതിപ്പെട്ടിയും സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്ത് പരിധിയിലുള്ള 20- വാർഡിലുള്ളവർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
കോടതി തീരുമാനത്തിന്റെ അതേ നിയമ സാധുതയുള്ള പരിഹാരമാണ് ഇരുകക്ഷികൾക്കും ലഭിക്കുകയെന്ന് പദ്ധതിക്കുവേണ്ടി മുൻകൈയെടുത്ത ഗാന്ധി സ്മാരക നിധി ഉപദേശക സമിതി അദ്ധ്യക്ഷനും മുൻ ഹൈക്കോടതി ജഡ്ജിയുമായ എം.ആർ. ഹരിഹരൻ നായർ പറഞ്ഞു. ഉച്ചയ്ക്കുശേഷം സംഘടിപ്പിച്ച അദാലത്തിൽ നിരവധി പരാതികൾക്ക് പരിഹാരം കാണാൻ കഴിഞ്ഞതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.ശ്രീകുമാർ പറഞ്ഞു.
ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ.എൻ.രാധാകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. പ്രിൻസിപ്പിൽ ജില്ലാ സെഷൻസ് ജഡ്ജും ജില്ലാ ലീഗൽ സർവീസ് സൊസൈറ്റി ചെയർമാനുമായ പി.വി.ബാലകൃഷ്ണൻ,അഡിഷണൽ ജില്ലാ ജഡ്ജിയും ടി.എൽ.എസ്.എ ചെയർമാനുമായ എം.എ.ബഷീർ സീനിയർ സിവിൽ ജഡ്ജും ലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറിയുമായ എസ്.ഷംനാഥ്, സിറ്റി പൊലീസ് കമ്മിഷണർ ജി.സ്‌പർജൻകുമാർ,വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.ശ്രീകുമാർ,വൈസ് പ്രസിഡന്റ് എസ്.ചിത്രലേഖ,സെക്രട്ടറി ആർ.ടി.ബിജുകുമാർ,അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി,ബ്ലോക്ക് അംഗം കെ.എസ്.സാജൻ,ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസ്,പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.