തിരുവനന്തപുരം:വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീബാലത്രിപുര സുന്ദരിദേവീ ക്ഷേത്രത്തിൽ പൗർണ്ണമി മഹോത്സവത്തിന്റെ ഭാഗമായ അഗ്നിക്കാവടി ഇന്ന് നടക്കും.
ഇന്നലെ വിജയദശമി ദിനത്തിൽ ക്ഷേത്രം മഠാധിപതി സിൻഹാ ഗായത്രി, ജില്ലാ കളക്ടർ അനു കുമാരി, ട്രാൻസ്‌പോർട്ട് കമ്മിഷണർ സി.എച്ച്. നാഗരാജു,ഡെപ്യൂട്ടി കമ്മിഷണർ അജിത് മോഹൻ, ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ.മാധവൻ നായർ, ഭാഗവതചൂഡാമണി പള്ളിക്കൽ സുനിൽ തുടങ്ങിയവർ കുരുന്നുകൾക്ക് അക്ഷരം പകർന്നുനൽകി. സംഗീത സംവിധായകൻ അനിൽ ഗോപാൽ സംഗീതത്തിന്റേയും സംഗീത ഉപകരണങ്ങളുടേയും ചെന്നൈ കലാകേന്ദ്രത്തിന്റെ നേതൃത്വത്തിൽ നൃത്ത വിഭാഗങ്ങളുടെയും കളരിപ്പയറ്റ് അടക്കമുള്ള ആയോധന കലകളുടെയും വിദ്യാരംഭവും കുറിച്ചു.
ഇപ്പോൾ പൗർണ്ണമിക്കാവിൽ ബാലാലയ പ്രതിഷ്ഠയിലുള്ള ഒറ്റക്കൽ മാർബിളിൽ കൊത്തിയെടുത്ത 23 അടി ഉയരമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ആദിപരാശക്തി വിഗ്രഹം പൗർണ്ണമിയായ 17 വരെ ദേവ വിധിപ്രകാരം ഭക്തർക്ക് കാണാനും തൊഴാനും അവസരം ഒരുക്കിയിട്ടുണ്ട്. ഇന്ന് പള്ളിക്കൽ സുനിലിന്റെ ദേവീമാഹാത്മ്യ നവാഹ യജ്ഞവും സൗന്ദര്യലഹരി പാരായണവും വൈകിട്ട് 4.30 മുതൽ കൈകൊട്ടിക്കളിയും നൃത്ത സംഗീത പരിപാടികളും നടക്കും. വൈകിട്ട് 6ന് നെല്ലിമൂട് ദേവീക്ഷേത്രത്തിൽ നിന്നാരംഭിക്കുന്ന കാവടി ഘോഷയാത്ര പൗർണ്ണമിക്കാവിലെത്തി ചേരുമ്പോൾ അഗ്നിക്കാവടി, കാവടി അഭിഷേകം,അഗ്നിവിളയാട്ടം,ഇടുമ്പൻ പൂജ തുടങ്ങിയ കാവടി പൂജകൾക്ക് ഗുരു സ്വാമി മുരുകൻ കാച്ചാണി കാർമ്മികത്വം വഹിക്കും. 21 ടൺ പുളിവിറക് കത്തിച്ച കനലിലാണ് അഗ്നിക്കാവടി നടക്കുന്നതെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
ഫോട്ടോ: പൗർണ്ണമിക്കാവിൽ നടത്തിയ വിജയദശമി ചടങ്ങുകൾ ട്രാൻസ്‌പോർട്ട് കമ്മിഷണർ സി.എച്ച്. നാഗരാജുവും ജില്ലാ കളക്ടർ അനു കുമാരിയും ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു. ഡെപ്യൂട്ടി കമ്മിഷണർ അജിത് മോഹൻ, ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ.ജി.മാധവൻ നായർ തുടങ്ങിയവർ സമീപം