തിരുവനന്തപുരം: വിജയദശമി ദിനത്തിൽ ആദ്യക്ഷര അമൃതം നുകർന്ന് പതിനായിരക്കണക്കിന് കുരുന്നുകൾ. തലസ്ഥാനത്തെ ക്ഷേത്രങ്ങളിലും സാംസ്‌കാരികകേന്ദ്രങ്ങളിലും എഴുത്തിരുത്തൽ ചടങ്ങ് നടന്നു.
ഐരാണിമുട്ടം തുഞ്ചൻസ്മാരകത്തിൽ എഴുത്ത്,സംഗീതം,നൃത്തം,ചിത്രകല എന്നിവയിലെ സമ്പൂർണ വിദ്യാരംഭത്തിന് ഡോ ടി.ജി.രാമചന്ദ്രൻ പിള്ള,മുൻ ചീഫ് സെക്രട്ടറി വി.പി.ജോയ്,കെ.വി.മോഹൻകുമാർ,ഡോ.എം.ആർ.തമ്പാൻ,ടി.കെ.ദാമോദരൻ നമ്പൂതിരി,കാട്ടൂർ നാരായണപിള്ള,കാരയ്‌ക്കാമണ്ഡപം വിജയകുമാർ,പി.സുശീലാദേവി,കല്ലറ ഗോപൻ,മണക്കാട് ഗോപൻ, ഗായത്രി എന്നിവർ ആചാര്യന്മാരായി.
വട്ടിയൂർക്കാവ് അറപ്പുര ഈശ്വരിഅമ്മൻ സരസ്വതിക്ഷേത്രത്തിലെ വിദ്യാരംഭത്തിൽ പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ.നായർ,ഏഴുമറ്റൂർ രാജരാജവർമ്മ തുടങ്ങിയവർ ഗുരുക്കന്മാരായി. ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ മേൽശാന്തി മുരളീധരൻ നമ്പൂതിരി,കീഴ് ശാന്തിമാരായ ഈശ്വരൻ നമ്പൂതിരി,നാരായണൻ നമ്പൂതിരി എന്നിവർ ആദ്യക്ഷരമെഴുതിച്ചു. കരിക്കകം ചാമുണ്ഡിക്ഷേത്രത്തിലെ ചടങ്ങുകൾക്ക് മേൽശാന്തി ശ്രീജേഷ് നാരായണൻ നമ്പൂതിരി,കീഴ്ശാന്തി എ.ജയരാജൻ നമ്പൂതിരി,റിട്ട.ജസ്റ്റിസ് കെ.പി.ബാലചന്ദ്രൻ,പി.വേണുഗോപാലൻ, അച്യുത് ശങ്കർ എസ്.നായർ, ലക്ഷ്മി ദാസ് തുടങ്ങിയവർ നേതൃത്വം നൽകി.
വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിൽ ആയിരത്തിലേറെ കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു. ഇടവക വികാരി വൈ.എം.എഡിസന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയായി. ശംഖുംമുഖം ദേവീക്ഷേത്രത്തിൽ മേൽശാന്തി എസ്.എം.കേശവൻ നമ്പൂതിരി കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചു. തോന്നയ്ക്കൽ ആശാൻസ്‌മാരകത്തിൽ കവി വി.മധുസൂദനൻ നായർ,മുൻ ചീഫ് സെക്രട്ടറി വി.പി.ജോയി,പേരേറ്റിൽ ജി.പ്രിയദർശനൻ, ഡോ.ഷാജി പ്രഭാകരൻ,മുൻ എം.പി എ.സമ്പത്ത്,വി.എൻ.മുരളി,ഡോ.നടുവട്ടം ഗോപാലകൃഷ്ണൻ,ആർക്കിടെക്ട് ഷാജി, മുഖത്തല ശ്രീകുമാർ,എ.ജി. ഒലീന,കാര്യവട്ടം ശ്രീകണ്ഠൻ നായർ,ഗിരീഷ് പുലിയൂർ,ബിജു ബാലകൃഷ്ണൻ,കായംകുളം യൂനുസ്,ഗായകരായ ജി.ശ്രീറാം,ബി.അരുന്ധതി,ഷാനവാസ് പോങ്ങനാട്,ഭുവനേന്ദ്രൻ എന്നിവരായിരുന്നു ഗുരുക്കന്മാർ.
താലൂക്ക് എൻ.എസ്.എസ് യൂണിയനു കീഴിൽ കണ്ണമ്മൂല ചട്ടമ്പിസ്വാമി ജന്മസ്ഥാനക്ഷേത്രത്തിൽ അരവിന്ദ് മേനോൻ ഹരിശ്രീ കുറിച്ചു. വൈലോപ്പിള്ളി സംസ്‌കൃതിഭവനിൽ വിഴിഞ്ഞം രാജ്യാന്തര തുറമുഖ എം.ഡി ഡോ.ദിവ്യ എസ്.അയ്യർ,ആർക്കിടെക്ട് ജി.ശങ്കർ,നടൻ ജോബി,ജി.എസ്.പ്രദീപ് എന്നിവർ കുട്ടികളെ എഴുത്തിരുത്തി. ശിശുക്ഷേമസമിതിയിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ കുരുന്നുകൾക്ക് ആദ്യക്ഷരമെഴുതിച്ചു. ജവഹർ ബാലഭവനിൽ ചെയർമാൻ വി.കെ.പ്രശാന്ത് എം.എൽ.എ,ബാലസാഹിത്യകാരി രാധിക സി.നായർ എന്നിവരാണ് ആദ്യക്ഷരമെഴുതിച്ചത്.
ലുലുമാൾ-ഗാന്ധിഭവൻ വിദ്യാരംഭം
ലുലുമാളും പത്തനാപുരം ഗാന്ധിഭവനും ചേർന്ന് സംഘടിപ്പിച്ച ആദ്യക്ഷരം പരിപാടിയിൽ ശബരിമലവനമേഖലയിലെ മഞ്ഞത്തോട്,പ്ലാപ്പള്ളി, അട്ടത്തോട് ഊരുകളിലെ കുട്ടികൾ ആദ്യക്ഷരം കുറിച്ചു. പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ.നായർ, ഹൈക്കോടതി മുൻ ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ തുടങ്ങിയവർ ഗുരുക്കന്മാരായി. കുട്ടികൾക്ക് പഠനോപകരണങ്ങളും നൽകി. ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോ ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ എന്നിവർ പങ്കെടുത്തു.