തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ - കെ.എസ്.യു സംഘർഷം. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ഫോട്ടോയെടുക്കാനെത്തിയ കെ.എസ്.യു വിദ്യാർത്ഥികളെ എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്. വിദ്യാർത്ഥികളെ പുറത്താക്കി എസ്.എഫ്.ഐക്കാർ ഗേറ്റടച്ചു. കെ.എസ്.യുവിന്റെ വിദ്യാർത്ഥി പ്രതിനിധി നയന ബിജുവിന്റെ കരണത്തടിച്ചതായും പരാതിയുണ്ട്.

ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം. 18നാണ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്. ഫ്ലക്സും നോട്ടീസും തയ്യാറാക്കുന്നതിന്റെ ഭാഗമായി സ്ഥാനാർത്ഥികളുടെ ഫോട്ടോയെടുക്കാൻ കെ.എസ്.യു പ്രവർത്തകരെത്തുകയും കോളേജിലുണ്ടായിരുന്ന എസ്.എഫ്.ഐക്കാർ തടയുകയുമായിരുന്നു. അവധി ദിവസമായതിനാൽ പ്രിൻസിപ്പലിന്റെ അനുമതിയോടെയാണ് തങ്ങളെത്തിയതെന്ന് കെ.എസ്.യുക്കാർ പറഞ്ഞെങ്കിലും ക്യാമ്പസിനുള്ളിലേക്ക് ആരെയും കയറ്റിവിടാനാകില്ലെന്ന് പറഞ്ഞ് എസ്.എഫ്.ഐക്കാർ പുറത്താക്കുകയായിരുന്നു. സംഘർഷത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. ഏകപക്ഷീയമായി എസ്.എഫ്.ഐക്കാർ പ്രശ്നമുണ്ടാക്കുകയായിരുന്നെന്ന് കെ.എസ്.യു പ്രവർത്തകർ ആരോപിച്ചു. മർദ്ദനമേറ്റ വിദ്യാർത്ഥി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ആരെയും മർദ്ദിച്ചിട്ടില്ലെന്നും കോളേജിന് പുറത്തുനിന്നുമുള്ളവർ അകത്ത് പ്രവേശിക്കണ്ടെന്ന് മാത്രമാണ് പറഞ്ഞതെന്നും എസ്.എഫ്.ഐ പ്രവർത്തകർ അറിയിച്ചു. സംഭവത്തിന്റെ അടിസ്ഥാനത്തിൽ കെ.എസ്.യു ഇന്നലെ രാത്രിയിൽ കോളേജിന് മുമ്പിൽ പ്രതിഷേധ പ്രകടനം നടത്തി.