
തിരുവനന്തപുരം: തീരദേശ നിയന്ത്രണ മേഖലയിൽ സംസ്ഥാന താത്പര്യത്തിന് അനുസരിച്ച് കൂടുതൽ ഇളവുകൾ നേടിയെടുക്കാൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കടൽ,കായൽ തീരങ്ങളിൽ നിർമ്മാണത്തിന് ഇളവിനായി സർക്കാർ സമർപ്പിച്ച കരട് തീരദേശ പരിപാലന പ്ലാനിന് കേന്ദ്രത്തിന്റെ അംഗീകാരമായിട്ടുണ്ട്. പഞ്ചായത്തുകളുടെ സോൺ മാറ്റം ഉൾപ്പെടെ സംസ്ഥാനത്തിന്റെ ആവശ്യങ്ങളും അംഗീകരിച്ചു.
തീരദേശപരിപാലന നിയമ പ്രകാരം ഏറ്റവും കുറവ് നിയന്ത്രണങ്ങളുള്ള സി.ആർ.ഇസഡ്-2 മേഖലയിൽ പഞ്ചായത്തുകളെ ഉൾപ്പെടുത്താത്തത് സംസ്ഥാനത്തിന് ദോഷമാണ്. 175പഞ്ചായത്തുകളെ ഈ പട്ടികയിൽപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതിൽ 66എണ്ണത്തെ സോൺ-2ലേക്ക് മാറ്റി. 31പഞ്ചായത്തുകൾ സോൺ 3ലാണ്. ഉൾനാടൻ ജലാശയങ്ങളുടെ വേലിയേറ്റ രേഖയിൽ നിന്നുള്ള ദൂരപരിധി 100മീറ്ററിൽ നിന്ന് 50ആക്കി. ഇത് പത്തുലക്ഷം തീരദേശ വാസികൾക്ക് ആശ്വാസകരമാണ്. കേന്ദ്രം ഇതുസംബന്ധിച്ച ഭൂപടം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ 300 ചതുരശ്രമീറ്റർ വരെയുള്ള വീടുകൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് നേരിട്ട് നിർമ്മാണാനുമതി നേടാനാകും. നഗരസ്വഭാവമുള്ള 109 പഞ്ചായത്തുകൾക്ക് കൂടി ഇളവ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും പി. നന്ദകുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി നൽകി.