
സിനിമാ നിർമ്മാണം കോടികൾ ചെലവഴിക്കപ്പെടുന്ന മേഖലയാണ്. താരങ്ങളും ടെക്‌നീഷ്യന്മാരും മാത്രമല്ല, സിനിമയുമായി ബന്ധപ്പെട്ട് നൂറുകണക്കിനാളുകൾ ഉപജീവനം നടത്തുന്നുണ്ട്. ഓരോ ദിവസം കഴിയുന്തോറും സിനിമാ നിർമ്മാണത്തിന്റെ ചെലവ് കൂടിയാണ് വരുന്നത്. താരങ്ങളില്ലാത്ത സിനിമകൾ പോലും നിർമ്മിക്കാൻ കോടികൾ ചെലവഴിക്കണം. വലിയ താരങ്ങളുള്ള സിനിമകൾക്കാകട്ടെ വൻ ചെലവാണ് വേണ്ടിവരുന്നത്. മാസങ്ങളോളം വേണ്ടിവരുന്ന നിരവധി പേരുടെ അദ്ധ്വാനവും സിനിമയ്ക്കു പിന്നിലുണ്ട്. പഴയ കാലത്ത് തിയേറ്ററിൽ പോയാലേ സിനിമ കാണാൻ കഴിയുമായിരുന്നുള്ളൂ. ഇപ്പോൾ മൊബൈലിൽ സിനിമ കാണാം. ഈ സൗകര്യം മുതലെടുത്താണ് വ്യാജ പതിപ്പുകൾ ഇറക്കുന്നത്.
വ്യാജ പതിപ്പുകൾ ഇന്ത്യയിലെ സിനിമാ വ്യവസായത്തിന് പ്രതിവർഷം 20,000 കോടി രൂപയുടെ നഷ്ടം വരുത്തുന്നുണ്ടെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. വ്യാജ പതിപ്പുകൾ കാണിക്കുന്ന വെബ്‌സൈറ്റുകൾ, ആപ്പുകൾ, ഓൺലൈൻ ലിങ്കുകൾ എന്നിവ തടയാൻ കേന്ദ്രം കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പരാതി ലഭിച്ചാലുടൻ നടപടിയുണ്ടാകുമെന്നാണ് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. പാർലമെന്റ് പാസാക്കിയ സിനിമാട്ടോഗ്രാഫ് ഭേദഗതി നിയമ പ്രകാരം നിയമലംഘനങ്ങൾക്ക് മൂന്നു മാസം മുതൽ മൂന്നു വർഷം വരെ തടവും മൂന്നുലക്ഷം വരെയോ, ഓഡിറ്റ് ചെയ്ത മൊത്തം ഉത്‌പാദന ചെലവിന്റെ അഞ്ചു ശതമാനം വരെയോ പിഴയും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും വ്യാജ പതിപ്പുകളുടെ പ്രചാരണത്തിന് വലിയ കുറവൊന്നും സംഭവിച്ചിട്ടില്ല.
അടുത്തിടെ റിലീസായ 'എ.ആർ.എം" സിനിമയുടെ വ്യാജ പതിപ്പുകൾ സോഷ്യൽ മീഡിയയിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിൽ തമിഴ്നാട് സ്വദേശികളായ ഉന്നത ബിരുദധാരികളാണ് അറസ്റ്റിലായത്. സിനിമകൾ തിയേറ്ററിലിരുന്ന് റെക്കാർഡ് ചെയ്യുന്നതിന് പതിനായിരങ്ങളാണ് ഇവർക്ക് ശമ്പളമായി ലഭിച്ചിരുന്നത്. ഐ.ടി സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവരാണിവർ. വ്യാജ പതിപ്പുകൾക്ക് തമിഴ്‌നാട്ടിലെ വൻ സംഘമായ 'റോക്കേഴ്സി"ൽ നിന്ന് ഇവർക്ക് പ്രതിമാസം 44,000 രൂപ ശമ്പളമായും, പുറമേ ഓരോ സിനിമയ്ക്കും പതിനായിരം രൂപ വീതവും ലഭിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. സ്വർണം കടത്തുന്ന കാരിയേഴ്സിന്റെ റോൾ മാത്രമേ ഇവർക്കുള്ളൂ. ഇതിന് പണം ചെലവഴിക്കുന്ന ഗൂഢസംഘങ്ങൾ പലപ്പോഴും കാണാമറയത്തിരുന്നാണ് പ്രവർത്തിക്കുന്നത്. അവരിലേക്ക് അന്വേഷണം നീളാറില്ല. അതാണ് ഇത്തരം വ്യാജ പതിപ്പുകൾ വീണ്ടും ഇറങ്ങാൻ ഇടയാക്കുന്നത്.
കേരളത്തിനു പുറത്ത് മലയാള ചിത്രങ്ങൾക്ക് കാഴ്ചക്കാർ കുറവായതിനാൽ തിയേറ്ററിൽ കാര്യമായ പരിശോധന നടക്കാത്തത് മുതലെടുത്താണ് ഇവർ സിനിമ റെക്കാർഡ് ചെയ്യുന്നത്. പിടിയിലായ തമിഴ്‌നാട് സ്വദേശികളുടെ മൊബൈലിൽ നിന്ന് മുപ്പത്തഞ്ചോളം റിലീസ് ചിത്രങ്ങളുടെ വ്യാജ പതിപ്പുകളാണ് പൊലീസ് കണ്ടെത്തിയത്.
ഒരു സിനിമ നിർമ്മിക്കാനുള്ള വർഷങ്ങളുടെ അദ്ധ്വാനവും പണവുമാണ് പൈറസി മൂലം പാഴാകുന്നത്. ഒ.ടി.ടിയിൽ ഒരു ചിത്രം വന്നാൽ മിനിട്ടുകൾക്കുള്ളിലാണ് അതിന്റെ പകർപ്പുകൾ വാട്ട്സ് ആപ്പ്, ടെലഗ്രാം, വ്യാജ സൈറ്റുകൾ, ആപ്പുകൾ എന്നിവയിലൂടെ പ്രചരിക്കുന്നത്. ഒ.ടി.ടി കമ്പനികളുടെ പരാതിയെത്തുടർന്ന് പലപ്പോഴും ഇങ്ങനെയുള്ള ചാനലുകൾ പൂട്ടിക്കാറുണ്ടെങ്കിലും ദിവസങ്ങൾക്കുള്ളിൽ മറ്റൊരു പേരിൽ തിരികെയെത്തുന്നതാണ് പതിവ്. കേന്ദ്ര സർക്കാരിന്റെ നിയമ നടപടികൾക്കു പുറമെ സിനിമാരംഗത്തുള്ളവരും തിയേറ്റർ ജീവനക്കാരും മറ്റും നിരീക്ഷണം ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമേ ഇത് ഒരു പരിധിവരെയെങ്കിലും തടയാനാവൂ.