p

തിരുവനന്തപുരം: കെ.എസ്.ആർ.ടിസിയുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനായി നടപ്പിലാക്കിയ മദ്ധ്യനിര ഭരണസംവിധാനം കാര്യക്ഷമമാക്കൽ പദ്ധതി അട്ടിമറിച്ചു. ഇതുമായി ബന്ധപ്പെട്ട കോടതി ഉത്തരവും അവഗണിച്ചു.

കെ.എസ്.ആർ.ടിസിയുടെ മിഡിൽ ലെവൽ മാനേജ്മെന്റ് കാര്യക്ഷമമാക്കാൻ 2012ൽ സർക്കാരും കെ.എസ്.ആർ.ടി.സിയും ചേർന്ന് പി.എസ്.സിയുടെ അംഗീകാരത്തോടെയാണ് അപ്പോയിൻമെന്റ് ഓഫ് ഹയർ ഡിവിഷൻ ഓഫീസേഴ്സ് റെഗുലേഷൻ കൊണ്ടുവന്നത്. ഇതനുസരിച്ച് മികച്ച എ.ടി.ഒമാരെ (അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് ഓഫീസർ) കണ്ടെത്താൻ 2013ൽ പരീക്ഷ നടത്തി. ബിരുദയോഗ്യതയുള്ള അഞ്ഞൂറോളം പേർ 2014ൽനടന്ന പരീക്ഷ എഴുതി. 2017ൽ 29പേരുടെ ലിസ്റ്റിട്ടു. എട്ടു പേർക്ക് മാത്രം നിയമനം. ശേഷിച്ച ആരെയും നിയമിച്ചില്ല. പിന്നാലെ ഇവർ കോടതിയെ സമീപിച്ചു. ബാക്കിയുള്ള 21പേർക്കും നിയമനം നൽകാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. ഇതു നടപ്പാക്കുന്നതിനു പകരം ഡിവിഷൻ ബെഞ്ചിൽ കോർപറേഷൻ അപ്പീൽ നൽകി. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ ആശ്രിതനിയമം ലഭിച്ച 15പേർക്ക് സ്ഥാനക്കയറ്റം നൽകി എ.ടി.ഒമാരാക്കി. വീണ്ടും ആശ്രിതനിയമം ലഭിച്ച 23പേർക്ക് സ്ഥാനക്കയറ്റം നൽകാനുള്ള നടപടി തുടങ്ങി. ഇതിനെതിരെ ഉദ്യോഗാർത്ഥികൾ കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി വീണ്ടും നിയമപോരാട്ടം തുടരുകയാണ്. ചിട്ടയായ മാനേജ്മെന്റ് സംവിധാനം മദ്ധ്യനിരയിലും എത്തിയാൽ മാത്രമേ പ്രതിദിനം കെ.എസ്.ആർ.ടി.സിക്കുണ്ടാകുന്ന നഷ്ടം കുറയ്ക്കാനാകൂവെന്ന കണ്ടെത്തലിലാണ് സർവീസിൽ പരിചയസമ്പത്തുള്ള ബിരുദയോഗ്യതയുള്ളവരെ എ.ടി.ഒമാരാക്കാൻ തീരുമാനിച്ചത്.

ഉദ്യോഗാർത്ഥികൾക്ക് അനുകൂലമായ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ പോകാൻ ലീഗൽ വിഭാഗം തീരുമാനിക്കുന്നതിനു മുമ്പേ കെ.എസ്.ആർ.ടി.സിയുടെ അപ്പീൽ കോടതിയിലെത്തി. ഫയലിൽ തീരുമാനമെടുക്കും മുമ്പേ തിടുക്കം കാട്ടിയെന്ന് വിവരാവകാശ രേഖകളിൽ നിന്ന് വ്യക്തമാണ്.