തിരുവനന്തപുരം: മദ്യപിച്ച് കാറോടിച്ച് ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട നടൻ ബൈജു സന്തോഷ് അറസ്റ്റിൽ. ഞായറാഴ്ച രാത്രി 11.45ന് വെള്ളയമ്പലത്തായിരുന്നു അപകടം. അപകടത്തിൽപ്പെട്ട സ്‌കൂട്ടർ യാത്രക്കാരൻ പരാതി നൽകിയില്ലെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു. ബൈജുവിനൊപ്പം സഹോദരിയുടെ മകളും കാറിലുണ്ടായിരുന്നു. മദ്യപിച്ച് വാഹമോടിക്കൽ, അപകടകരമായ ഡ്രൈവിംഗ് എന്നീ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത ബൈജുവിനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
ഓഡി കാറിൽ കവടിയാറിൽ നിന്ന് വെള്ളയമ്പലത്തേക്കുവരികയായിരുന്നു ബൈജു. ജംഗ്ഷനിലെ സിഗ്നലിൽ കടന്ന് വഴുതക്കാട് റോഡിലേക്കായിരുന്നു യാത്ര. എന്നാൽ റോഡ് നിർമ്മാണത്തിന്റെ ഭാഗമായി വഴി തിരിച്ചുവിടുന്ന സൂചന ബോർഡ് ഇവിടെയുണ്ടായിരുന്നു. ഇതു കണ്ട് കാർ വലത്തേക്ക് വെട്ടിത്തിരിച്ചപ്പോഴാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ ശാസ്തമംഗലം ഭാഗത്തുനിന്ന് വെള്ളയമ്പലത്തേക്ക് വന്ന സ്‌കൂട്ടറിലിടിച്ചു. രണ്ട് സ്ട്രീറ്റ് ലൈറ്റ് പോസ്റ്റുകളിലുമിടിച്ചു. ഇതിനിടെ കാർ പിന്നോട്ടെടുത്ത് നിറുത്തി.
മദ്യലഹരിയിലാണെന്നു ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് സ്ഥലത്തെത്തിയ കൺട്രോൾ റൂം പൊലീസ് ബൈജുവിനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ബൈജു രക്തപരിശോധനയ്ക്കു തയ്യാറായില്ല. ഇതോടെ പരിശോധനയോട് സഹകരിച്ചില്ലെന്നും മദ്യത്തിന്റ ഗന്ധമുണ്ടെന്നും ഡോക്ടർ റിപ്പോർട്ട് നൽകി. ബൈജുവിന്റെ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകട ദൃശ്യം നിരീക്ഷണക്യാമറയിൽ നിന്ന് ലഭിച്ചിട്ടുണ്ട്.
വണ്ടി ആകുമ്പോൾ തട്ടുമെന്ന് ബൈജു
ജാമ്യത്തിലിറങ്ങിയ ബൈജു രാത്രി ഒരു മണിയോടെ വെള്ളയമ്പലത്തെത്തി. തുടർന്ന് സുഹൃത്തിനെ വിളിച്ച് കാറിന്റെ പഞ്ചറായ ടയർമാറ്റി. ഇതിനിടെ ദൃശ്യം പകർത്താനെത്തിയ ചാനൽ സംഘത്തോട് ബൈജു കയർത്തു. 'വണ്ടിയാകുമ്പോൾ തട്ടും, കുഴപ്പം എന്താ? നിങ്ങൾക്ക് ഇതൊക്കെ വല്യ വാർത്തയാണോ? ഇതൊന്നും കണ്ട് ഞാൻ പേടിക്കില്ല. വേറെ ആളെ നോക്കണം'- ബൈജു പറഞ്ഞു.