school

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന അനധികൃത നഴ്‌സറി സ്‌കൂളുകൾ അന്വേഷിച്ചു കണ്ടുപിടിച്ച് സർക്കാരിന് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശം നൽകിയിരിക്കുകയാണ്. 'ഇട്ടാവട്ട" സ്ഥലത്ത് ഒന്നോ രണ്ടോ മുറിയും രണ്ടോ മൂന്നോ സ്റ്റാഫുമുണ്ടെങ്കിൽ ആർക്കും എവിടെയും നഴ്‌സറി സ്‌കൂൾ തുടങ്ങാമെന്നതാണ് സ്ഥിതി. അധികൃതവും അനധികൃതവുമായി പ്രവർത്തിക്കുന്ന പ്ളേസ്കൂൾ മുതൽ പ്രീപ്രൈമറി സ്‌കൂളുകൾ ആയിരക്കണക്കിനുണ്ട്. ഇവയുടെ പ്രവർത്തന രീതിയെക്കുറിച്ച് ധാരാളം പരാതികളും ഉയരാറുണ്ട്. പിഞ്ചുകുട്ടികളുടെ അവകാശങ്ങളെക്കുറിച്ചോ മാനസിക നിലയെക്കുറിച്ചോ കാര്യമായ അറിവൊന്നുമില്ലാത്തവരാകും നടത്തിപ്പുകാർ. അനുസരണക്കേടിനു മാത്രമല്ല,​ നിസ്സാര കുറ്റങ്ങൾക്കുപോലും പിഞ്ചുകുഞ്ഞുങ്ങളെ കഠിനമായി ശിക്ഷിക്കുന്ന അദ്ധ്യാപകരെക്കുറിച്ച് കൂടക്കൂടെ വാർത്തകൾ വരാറുണ്ട്. ഈയടുത്ത ദിവസം,​ ഒരു നഴ്സറി അദ്ധ്യാപിക കലി തീർത്തത് ആൺകുട്ടിയുടെ പുറം അടിച്ചുപൊളിച്ചാണ്. ടീച്ചറെ പിന്നീട് സ്‌കൂളിൽനിന്ന് പുറത്താക്കിയെങ്കിലും ഇത്തരം ക്രൂര ശിക്ഷാരീതി പല കെ.ജി ക്ളാസുകളിലും നടക്കാറുണ്ട്.

നഴ്‌സറി ക്ളാസ് പ്രവേശനത്തിന് അഞ്ചുലക്ഷം രൂപവരെ തലവരി വാങ്ങുന്ന സ്കൂളുകളുണ്ടെന്നാണ് മന്ത്രി ശിവൻകുട്ടി പറഞ്ഞത്. എൻജിനിയറിംഗ് പഠനത്തിന് ചെലവഴിക്കേണ്ടിവരുന്ന തുകയെക്കാളധികം ഈടാക്കുന്ന നഴ്‌സറി സ്‌കൂളുകൾ ഇവിടെയുണ്ട്. അതു നിയന്ത്രിക്കാൻ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നതാണ് രക്ഷാകർത്താക്കളുടെ ദുര്യോഗം. എട്ടുമാസമുണ്ട് അടുത്ത അദ്ധ്യയന വർഷം തുടങ്ങാൻ. മുന്തിയ സ്‌കൂളുകളോടനുബന്ധിച്ചുള്ള കെ.ജി ക്ളാസുകളിലേക്ക് പ്രവേശനം തുടങ്ങിക്കഴിഞ്ഞു. പലേടത്തും പ്രവേശനം പൂർത്തിയായിട്ടുമുണ്ട്. ഏറ്റവും മികച്ച സ്‌കൂളുകൾ തേടി രക്ഷാകർത്താക്കൾ ഇപ്പോഴേ പരക്കം പായുകയാണ്. തലവരിയായി എത്ര പണവും നൽകാൻ രക്ഷാകർത്താക്കളുള്ളപ്പോൾ സ്‌കൂൾ അധികൃതർക്ക് ഒന്നും അങ്ങോട്ടു ചോദിച്ചു വാങ്ങേണ്ട സാഹചര്യവും ഉണ്ടാകുന്നില്ല എന്നതാണ് സത്യം.

പ്ളേ സ്‌കൂളുകളിൽ കുട്ടികളുടെ മാനസികോല്ലാസത്തിന് ആവശ്യമായ കളികളും അത്തരം പാഠ്യേതര പ്രവർത്തനങ്ങളും മാത്രമേ ആകാവൂ എന്നാണ് വിദഗ്ദ്ധ മതം. എഴുത്തും വായനയും മറ്റും തുടങ്ങുന്നത് കെ.ജി ക്ളാസ് മുതലാകണം. എന്നാൽ ഇവിടെ ഒട്ടുമിക്ക നഴ്‌സറികളിലും ആദ്യംതൊട്ടേ പഠനം ആരംഭിക്കുകയാണ്. സ്വന്തമായി സിലബസും പാഠ്യപദ്ധതിയുമൊക്കെ തയ്യാറാക്കി കെ.ജി ക്ളാസ് തൊട്ടേ പിഞ്ചുകുഞ്ഞുങ്ങളെ പഠിപ്പിച്ച് പടിപ്പുറം കയറ്റാനാണ് ശ്രമം. സർക്കാർ അംഗീകാരത്തോടെ നടത്തുന്ന നഴ്സറി ക്ളാസുകളിൽ ഏകീകൃത സിലബസൊക്കെ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതൊന്നും ബാധകമല്ലെന്ന മട്ടിലാണ് സ്വകാര്യ സ്‌കൂളുകൾ മുന്നോട്ടു പോകുന്നത്. ഒരുവിധ അനുമതിയും വാങ്ങാതെ പ്രവർത്തിക്കുന്ന ഇത്തരം സ്‌കൂളുകൾക്ക് സാമ്പത്തിക ലാഭം മാത്രമാണ് നോട്ടം.

അനധികൃത സ്‌കൂളുകളെക്കുറിച്ച് മുമ്പും അന്വേഷണവും റിപ്പോർട്ടുമൊക്കെ ഉണ്ടായിട്ടുള്ളതാണ്. വിദഗ്ദ്ധ സമിതികൾ തയ്യാറാക്കിയ റിപ്പോർട്ടുകളിന്മേൽ കാര്യമായ നടപടിയൊന്നും ഉണ്ടായതുമില്ല. പ്രീപ്രൈമറിയിൽ പഠിപ്പിക്കുന്നവർക്ക് മാന്യമായ വേതനം ഉറപ്പാക്കാൻ പോലും സർക്കാരിനു കഴിഞ്ഞിട്ടില്ല. സേവന - വേതന വ്യവസ്ഥകളൊന്നുമില്ലാതെ പ്രവർത്തിക്കുന്ന ഇത്തരം സ്‌കൂളുകളിലെ സ്റ്റാഫംഗങ്ങൾ തീർത്തും നിരാശരായാണ് പ്രവർത്തിക്കുന്നത്. കുട്ടികളോടുള്ള പൊതുവായ സമീപനത്തിലും ഇത് പ്രകടമാകാതിരിക്കില്ല. അനധികൃത നഴ്‌സറി സ‌്കൂളുകളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് വാങ്ങിവയ്ക്കുന്നതിനൊപ്പം അതിലെ പ്രധാന ശുപാർശകളെങ്കിലും നടപ്പാക്കാനുള്ള ആർജ്ജവം കാണിക്കണം. തലവരിപ്പണത്തിന്റെ കാര്യത്തിലും കർക്കശ നിയന്ത്രണങ്ങൾ കൊണ്ടുവരണം. വിദ്യാഭ്യാസ രംഗത്ത് രാജ്യം ഉറ്റുനോക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് അഭിമാനംകൊണ്ടാൽ പോരാ,​ വിദ്യാഭ്യാസ മേഖലയെ കഴുത്തറുപ്പൻ കച്ചവടത്തിൽ നിന്ന് മോചിപ്പിക്കാൻ കൂടി നടപടിയെടുക്കണം. നഴ്‌സറി സ്‌കൂളിൽ നിന്നുതന്നെയാകട്ടെ,​ അതിന്റെ തുടക്കം.