
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന ചിത്രത്തിന്റെ തുടർ ചിത്രീകരണം ഇന്ന് ചെന്നൈയിൽ ആരംഭിക്കും. ആക്ഷൻ ത്രില്ലർ ചിത്രമായ കൂലിയിൽ ബോളിവുഡ് സൂപ്പർ സ്റ്റാർ ആമിർഖാൻ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നു. രജനികാന്തും ആമിർ ഖാനും ഒരുമിക്കുന്ന സീനുകൾ ഇവിടെ ചിത്രീകരിക്കും.
കൂലിയിൽ ആമിർഖാന് മുഴുനീള വേഷമായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. ആമിറിന്റെ തിരക്ക് പരിഗണിച്ച് മാറ്റുകയായിരുന്നു. 30 വർഷങ്ങൾക്കു ശേഷം രജനികാന്തും ആമിർഖാനും ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. 1995ൽ ആ തംഗ് ഹീ ആ തംഗ് എന്ന ബോളിവുഡ് ചിത്രത്തിൽ ആമിർഖാനും രജനികാന്തും ഒരുമിച്ചിട്ടുണ്ട്. രജനികാന്തിന്റെ 171-ാമത് ചിത്രമായ കൂലിയിൽ നാഗാർജുന, ശ്രുതിഹാസൻ, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ബ്ളോക് ബസ്റ്റർ വിജയം നേടിയ വിജയ് ചിത്രം ലിയോയ്ക്കുശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവഹിക്കുന്നു. അനിരുദ്ധ് രവിചന്ദർ ആണ് സംഗീത സംവിധാനം. ആക്ഷൻ കൊറിയോഗ്രഫി അൻപറിവ് എഡിറ്റർ ഫിലോമിൻരുാജ് സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് നിർമ്മാണം.