
നേമം: തകർന്ന കല്ലിയൂർ കാക്കാമൂല റോഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ജനങ്ങൾ പ്രതിഷേധവുമായി രംഗത്ത്. കല്ലിയൂർ പഞ്ചായത്തിൽപ്പെടുന്ന വെള്ളായണി-കാക്കാമൂല പി.ഡബ്യൂ.ഡി റോഡിലെ രണ്ട് കിലോമീറ്ററോളം വരുന്ന ഭാഗത്താണ് കുഴികൾ രൂപപ്പെട്ട് പൂർണമായും തകർന്ന് റോഡ് ഗതാഗതയോഗ്യമല്ലാതായിരിക്കുന്നത്. രണ്ട് മാസം മുൻപ് കിരീടം പാലത്തിന്റെ ഉദ്ഘാടന ചടങ്ങിന് ഇതുവഴിയെത്തിയപ്പോഴാണ് റോഡിന്റെ ശോചനീയാവസ്ഥ മന്ത്രി മുഹമ്മദ് റിയാസ് നേരിട്ടറിയുന്നത്. ഉടനെ റോഡിന്റെ അടിയന്തര അറ്റകുറ്റപ്പണികൾക്കായി 25 ലക്ഷം രൂപ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഫണ്ടിന്റെ അഭാവത്താൽ റോഡുപണി നീളുകയാണ്. ശാന്തിവിള ഗവ.താലൂക്ക് ആശുപത്രി, പ്രൈമറിസ്കൂൾ, ചന്ത എന്നിവയ്ക്ക് മുന്നിലൂടെയുള്ള റോഡാണിത്. മഴ പതിവായതോടെ റോഡ് പൂർണമായും തകർന്നുവെന്നും ഇത് അപകടം ക്ഷണിച്ചു വരുത്തുമെന്നും സാധുസംരക്ഷണ സമിതി സെക്രട്ടറി ശാന്തിവിള സുബൈർ പറഞ്ഞു. റോഡ് നന്നാക്കാനാവശ്യപ്പെട്ട് പ്രദേശത്ത് ബി.ജെ.പി പ്രവർത്തകരും പ്രതിഷേധ ധർണ നടത്തിയിരുന്നു.