
ശിവഗിരി: 1928 ൽ ശ്രീനാരായണഗുരുദേവൻ സംസ്ഥാപനം ചെയ്ത, ശ്രീനാരായണധർമ്മസംഘത്തിന്റെ 97-ാമത് വാർഷികപൊതുയോഗം വിജയദശമി ദിനമായ ഒക്ടോബർ 13 ന് ശിവഗിരി മഠത്തിൽ ചേർന്നു. ഗുരുദേവന്റെ സന്യസ്ത ശിഷ്യപരമ്പര ഇതേ ദിവസം യോഗം കൂടണമെന്നത് ഗുരുവിന്റെ നിശ്ചയമാണ്. ആകെയുള്ള 59 ട്രസ്റ്റംഗങ്ങളിൽ 45 പേരും സംബന്ധിച്ചു. 2023-2024 സാമ്പത്തിക വർഷത്തെ കണക്കുകളും ബാലൻസ്ഷീറ്റും ആഡിറ്റ് റിപ്പോർട്ടും 2023 സെപ്തംബർ 1 മുതൽ 2024 ആഗസ്റ്റ് 31 വരെയുള്ള 97-ാമത് വാർഷിക പ്രവർത്തന റിപ്പോർട്ടും യോഗം ഏകകണ്ഠമായി പാസ്സാക്കി.
ഗുരുധർമ്മം ശക്തമായും വ്യാപകമായും അന്തർദേശീയ തലത്തിൽ പ്രചരിപ്പിക്കുന്നതിന് ഒട്ടേറെ കർമ്മ പരിപാടികൾ സംഘടിപ്പിക്കാനും ഗുരുധർമ്മപ്രചാരണ സഭയെ കൂടുതൽ വിപുലീകരിക്കാനും ഈ കാലയളവിൽ ധർമ്മസംഘത്തിന് സാധിച്ചെന്ന് യോഗം വിലയിരുത്തി. സാധുജനങ്ങൾക്കും നിർദ്ധന കുടുംബങ്ങളിലെ സമർത്ഥരായ വിദ്യാർത്ഥികൾക്കും രോഗികൾക്കും ജീവകാരുണ്യ പദ്ധതിയായ ഗുരുനിധിയുടെ സഹായം നല്‍കാനായി. ഗുരുദേവൻ 1924 ൽ സംഘടിപ്പിച്ച സർവ്വമതസമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങൾ കേരളത്തിന് അകത്തും പുറത്തും വിവിധ രാജ്യങ്ങളിലും സംഘടിപ്പിക്കാൻ കഴിഞ്ഞെന്നും യോഗം അഭിപ്രായപ്പെട്ടു. ഈ കാലയളവിൽ സമാധി പ്രാപിച്ച ട്രസ്റ്റംഗങ്ങളായ സ്വാമി അസ്പർശാനന്ദ, സ്വാമി മഹേശ്വരാനന്ദ എന്നിവർക്ക് സ്മരണാഞ്ജലി അർപ്പിച്ചുകൊണ്ടാണ് യോഗം ആരംഭിച്ചത്. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ സ്വാമി ശാരദാനന്ദ നന്ദി പറഞ്ഞു.