
നിയമസഭാ നടപടികൾ കൃത്യനിഷ്ഠയോടെ കൊണ്ടുപോകണമെന്ന് അതിയായ ആഗ്രഹമുള്ളയാളാണ് സ്പീക്കർ എ.എൻ. ഷംസീർ. ഓരോ മിനിറ്റിന്റെയും സഭയിലെ മൂല്യം കൃത്യമായി മനസിലാക്കിയാണ് അദ്ദേഹം നടപടികൾ നിയന്ത്രിക്കുന്നത്. ഏതെങ്കിലും അംഗങ്ങൾ, മന്ത്രിമാരായാൽപ്പോലും നിശ്ചിത സമയത്തിൽ കൂടുതൽ എടുത്താൽ അദ്ദേഹം ഇടപെടും. അധികാരദണ്ഡ് ഉയർത്തും. അനുവദിച്ച സമയം പൂർണമായി വിനിയോഗിച്ചില്ലെങ്കിൽ അതും പരാമർശിക്കാനുള്ള വിശാലമനസ് അദ്ദേഹത്തിനുണ്ട്.
ഇന്നലത്തെ സബ് മിഷൻ വേളയിലാണ് അദ്ദേഹത്തിന്റെ കാർക്കശ്യം ഒരിക്കൽക്കൂടി വ്യക്തമായത്. സർക്കാർ അനുവാദമില്ലാതെ പ്രവർത്തിക്കുന്ന സ്കൂളുകളുമായി ബന്ധപ്പെട്ട വിഷയം ഉന്നയിച്ചത് സി.പി.എം അംഗം കെ.ജെ. മാക്സിയാണ്. മറുപടി പറയേണ്ട മന്ത്രി വി.ശിവൻകുട്ടിയാണെങ്കിൽ തന്റെ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദമായിത്തന്നെ പറയണമെന്ന് നിർബന്ധമുള്ളയാളും. പതിവിൻപടി മന്ത്രി കാര്യങ്ങൾ അക്കമിട്ട് നിരത്തി. സമയം ദീർഘിച്ചതോടെ സ്പീക്കർ ഇടപെട്ടു, പ്രധാനപ്പെട്ട വിഷയമാണ് സർ, രണ്ടുമിനിട്ട് കൂടി അനുവദിക്കണമെന്ന് ശിവൻകുട്ടി അഭ്യർത്ഥിച്ചെങ്കിലും ഒട്ടും സമയമില്ലെന്നു പറഞ്ഞ് സ്പീക്കർ കടിഞ്ഞാണിട്ടു.
മന്ത്രി വീണാ ജോർജിനും സ്പീക്കറുടെ സമയനിഷ്ഠ വിലക്കു തീർത്തു. തിരൂർ ജില്ലാ ആശുപത്രി ജനറൽ ആശുപത്രിയാക്കണമെന്ന കാര്യമാണ് ലീഗ് അംഗം കുറുക്കോളി മൊയ്തീൻ സബ് മിഷനായി അവതരിപ്പിച്ചത്. പ്രതിഷ്ഠയെക്കുറിച്ച് ചോദിച്ചാൽ ക്ഷേത്രോത്പത്തി മുതൽ വിളമ്പുന്ന ക്ഷേത്ര കാര്യക്കാരനെപ്പോലെ മന്ത്രി വിശദമായി പറഞ്ഞു തുടങ്ങി. ഒ.പിയിലും ഐ.പിയിലും എത്തുന്ന രോഗികളുടെ എണ്ണം, വാർഡുകളുടെ എണ്ണം, കട്ടിലുകളുടെ എണ്ണം തുടങ്ങി ഓക്സിജൻ സിലിണ്ടറുകളുടെ വരെ കണക്ക് കൃത്യമായി സൂക്ഷിക്കാറുള്ള മന്ത്രിയുടെ വിശദീകരണം നീണ്ടതോടെ 'ചുരുക്കണം" എന്ന ഒറ്റ വാക്കിലൂടെ സ്പീക്കർ ഇടപെട്ടു.
പ്രതിപക്ഷ ബഞ്ചിൽ നിന്ന് അപ്രതീക്ഷിതമായ ഒരു പുകഴ്ത്തൽ ശബ്ദം കേട്ട് അന്തംവിട്ടു പോയി, മന്ത്രി മുഹമ്മദ് റിയാസ്. പുകഴ്ത്തിയത് ലീഗിന്റെ പടക്കുതിര പി.കെ.ബഷീറും. മലബാർ മേഖലയിലെ ഏഴ് അസംബ്ളി മണ്ഡലങ്ങളെ ബന്ധിപ്പിച്ച് കടന്നു പോകുന്ന നാടുകാണി ചുരം റോഡിന്റെ ശോച്യാവസ്ഥയാണ് സ്വതസിദ്ധമായ ശൈലിയിൽ ബഷീർ നീട്ടിയും കുറുക്കിയുമൊക്കെ അവതരിപ്പിച്ചത്. 'പുറത്തിറങ്ങാൻ വയ്യ, അല്ലെങ്കിൽ ആളെക്കൂട്ടി അക്രമസമരം നടത്തണം. അതു കൊണ്ടൊന്നും കാര്യമില്ലല്ലോ..." ഇത്രയും പറഞ്ഞിട്ടായിരുന്നു ബഷീറിന്റെ അറ്റകൈ പ്രയോഗം. 'കരുത്തനായ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും ധനമന്ത്രിയും ഇക്കാര്യത്തിൽ ഇടപെടണം" എന്നു പറഞ്ഞതോടെ സഭയിൽ കൂട്ടച്ചിരി.
ഹരിതകർമ സേനയുടെ ദുരിതാവസ്ഥ സഭയെ ബോദ്ധ്യപ്പെടുത്താനുള്ള മാത്യു കുഴൽനാടന്റെ ശ്രമം അത്ര ഏറ്റില്ല. കുഴൽനാടനെ സംസാരിപ്പിക്കില്ലെന്ന മട്ടിലായിരുന്നു ട്രഷറി ബഞ്ചിന്റെ പിൻനിരയിൽ നിന്നുള്ള ഇടപെടൽ.
വയനാട് ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കാനും കേന്ദ്രസഹായം നേടിയെടുക്കാനും സംസ്ഥാന സർക്കാർ ക്രിയാത്മക നടപടി സ്വീകരിക്കുന്നതിനെക്കുറിച്ചായിരുന്നു ടി.സിദ്ദിഖ് കൊണ്ടു വന്ന അടിയന്തര പ്രമേയം. ദുരന്തത്തിന്റെ ഭീകരതയും അവിടെ നടത്തിയ ഇടപെടലുകളും ജനങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന ദുരിതങ്ങളുമെല്ലാം സിദ്ദിഖ് സവിസ്തരം പ്രതിപാദിച്ചു. പതിവിൽ നിന്ന് വിഭിന്നമായി രാഷ്ട്രീയത്തിന്റെ അതിപ്രസരമില്ലാതെ, ഭരണപക്ഷത്തെ കുത്തിനോവിക്കാതെയായിരുന്നു പ്രതിപക്ഷ അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തത്.
ഭരണപക്ഷത്തു നിന്ന് കെ.കെ.ശൈലജയും പി.ടി.റഹീമും വിഷയത്തിലൂന്നിയാണ് സംസാരിച്ചതെങ്കിലും ഒടുവിൽ പ്രതിപക്ഷത്തെ ചെറുതായി കുത്തി. പി.ടി.എ റഹീമിന് പ്രസംഗത്തിനിടെ ചെറിയൊരു നാക്കുപിഴ പറ്റിയെങ്കിലും അദ്ദേഹം അഭ്യാസിയെപ്പോലെ അത് മാറ്റിമറിച്ചതും ശ്രദ്ധേയമായി. വയനാട് ദുരന്തത്തിന് കേന്ദ്രം തരുന്നില്ല, തരുന്നില്ല എന്നു പറഞ്ഞാൽ പോരാ, നമ്മൾ ചെയ്യേണ്ടതു ചെയ്യണം എന്ന് പറഞ്ഞു കഴിഞ്ഞപ്പോഴാണ് അമളി മനസിലായത്, ഒട്ടും വൈകിയില്ല, കേരളത്തിൽ നിന്നുള്ള എം.പിമാർ എം.പി ഫണ്ട് നേടിയെടുക്കുന്നതടക്കമുള്ള കാര്യങ്ങളിൽ ഒറ്റക്കെട്ടായി നിൽക്കണം എന്നാണ് താൻ ഉദ്ദേശിച്ചതെന്ന് അർത്ഥശങ്കയ്ക്കിടയില്ലാതെ പറഞ്ഞ് അദ്ദേഹം വഴക്കം കാട്ടി. പ്രതിപക്ഷമാവട്ടെ അത് കേട്ടതായി ഭാവിച്ചുമില്ല.