hi

വെഞ്ഞാറമൂട്: ഇരിക്കാൻ കസേരയില്ല,​ മഴയും വെയിലും കൊണ്ട് കാത്തുനിൽപ്പ്,​ രാത്രിയായാൽ ഇരുട്ടിൽ തപ്പൽ,​ ബസുകൾ വന്നാൽ ബോർഡ് നോക്കാൻ നെട്ടോട്ടം. നൂറുകണക്കിന് യാത്രക്കാർ എത്തുന്ന വെഞ്ഞാറമൂട് ഡിപ്പോയ്ക്കാണ് ഈ അവസ്ഥ. ആറ്റിങ്ങൽ,​ കിളിമാനൂർ,​ നെടുമങ്ങാട്,​ പോത്തൻകോട്,​ വെമ്പായം വഴിയുള്ള തിരുവനന്തപുരം തുടങ്ങി നിരവധി ബസുകൾ സംഗമിക്കുന്ന ഡിപ്പോകൂടിയാണ് ഇവിടം. പോത്തൻകോട് വഴി പോകുന്നതും വെമ്പായം വഴി പോകുന്നതുമായ തിരുവനന്തപുരം ബസുകൾ കിട്ടണമെങ്കിൽ ഇവിടെത്തന്നെ എത്തണം. ഇത്രയും യാത്രാ പ്രാധാന്യമുള്ള ഇവിടെ യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടികൾക്ക് യാതൊരു കുറവുമില്ല. എത്രയും പെട്ടെന്ന് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

 ദുരിതം മാത്രം

2000 ഓഗസ്റ്റ് 3ന് കൊട്ടും കുരവയുമായി ഉദ്ഘാടനം ചെയ്ത ഡിപ്പോ നാളുകൾ കഴിയുംതോറും ശോചനീയാവസ്ഥയിലേക്ക് കൂപ്പുകുത്തുകയാണ്. ജില്ലയിലെ ഏറ്റവും കൂടുതൽ വരുമാനമുള്ള ഡിപ്പോആയിട്ടും വികസനം എത്തി നോക്കുക പോലും ചെയ്തിട്ടില്ല. ഡിപ്പോയിലെ ടാറിളകിയാൽ ഇടയ്ക്ക് ടാർ ഇടുമെന്നുമാത്രം.

 കൈ തന്നെ ഫാൻ

പത്തു വർഷം മുമ്പ് നിർമ്മിച്ച കാത്തിരിപ്പ് കേന്ദ്രത്തിന് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമാണ് 25 കസേര നൽകിയത്. അവയിൽ എത്രെയെണ്ണത്തിൽ വിശ്വസിച്ച് ഇരിക്കാൻ പറ്റുമെന്നറിയില്ല. ഫാനും ലൈറ്റും കേടായ ശേഷം അവ നന്നാക്കിയിട്ടുമില്ല. ഇതു സംബന്ധിച്ച് ഹെഡ്ഓഫീസിൽ വിവരമറിയിച്ചിട്ടും നടപടിമാത്രമില്ലെന്ന് ജീവനക്കാർ പറയുന്നു. രാത്രിയിൽ സ്ഥലപരിമിതിയിൽ ബസുകൾ ഞെങ്ങിഞെരുങ്ങിക്കിടക്കുന്നതിനാൽ സാമൂഹികവിരുദ്ധ ശല്യവും ഏറുന്നു. മുമ്പ് രാത്രികാലങ്ങളിൽ ബസിൽനിന്ന് ഡീസൽ മോഷ്ടിച്ചെന്ന കേസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 ബഡ്ജറ്റ് ടൂറിസം പദ്ധതി പ്രകാരം സംസ്ഥാനത്ത് ഏറ്റവുമധികം വരുമാനമുള്ള ഡിപ്പോകളിൽ രണ്ടാം സ്ഥാനമാണ് വെഞ്ഞാറമൂട്ടിന്. എന്നാൽ പലപ്പോഴും യാത്രയ്ക്ക് നല്ല ബസു പോലും ലഭിക്കാറില്ലെന്ന് ജീവനക്കാർ പറയുന്നു.