വർക്കല: ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സ തേടിയവരുടെ എണ്ണം 79 ആയി ഉയർന്നു. 47പേർ താലൂക്ക് ആശുപത്രിയിലും 32പേർ ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിലും ചികിത്സ തേടി. മൈതാനം വർക്കലക്ഷേത്രം റോഡിൽ പ്രവർത്തിക്കുന്ന ന്യൂ സ്‌പൈസി ഫുഡ്ബേ, എലിഫന്റ് ഈറ്ററി തുടങ്ങിയ ഹോട്ടലുകളിൽ നിന്നും ശനിയാഴ്ച കുഴിമന്തി, അൽഫാം എന്നിവ കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കും പാഴ്സൽ വാങ്ങി കഴിച്ചവർക്കും ഒരുപോലെ വയറുവേദനയും പനിയും ഛർദ്ദിയുമുണ്ടായതിനെ തുടർന്ന് ആശുപത്രികളിൽ ചികിത്സ തേടി. ഭക്ഷ്യസുരക്ഷാവിഭാഗം പരിശോധന നടത്തി ഹോട്ടലുകൾ ഞായറാഴ്ച പൂട്ടിച്ചു. ഹോട്ടലിൽ ഉണ്ടായിരുന്ന ഭക്ഷണപദാർത്ഥങ്ങൾ ജില്ലാ അനലിസ്റ്റ് ലബോറട്ടറിയിൽ പരിശോധനയ്ക്കയച്ചെന്ന് ഭക്ഷ്യ സുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. നിലവിൽ 3പേർ താലൂക്ക് ആശുപത്രിയിലും 11 പേർ ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിലും ചികിത്സയിൽ തുടരുകയാണ്. ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ തുടർപരിശോധന നടത്തി രണ്ട് സ്ഥാപനങ്ങളുടെയും ലൈസൻസ് നഗരസഭ റദ്ദ് ചെയ്തു. കഴിഞ്ഞ മാർച്ചിൽ ന്യൂ സ്‌പൈസി ഫുഡ്ബേയിൽ നിന്ന് ആഹാരം കഴിച്ച നൂറോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. അന്നും ആരോഗ്യവകുപ്പ് പരിശോധന നടത്തി ഹോട്ടൽ പൂട്ടിച്ചിരുന്നു. പൂട്ടിയ സ്ഥാപനം ഡിപ്പാർട്ട്മെന്റ് ക്ലിയറൻസ് ലഭിച്ച ശേഷമാണ് വീണ്ടും തുറന്ന് പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയതെന്ന് നഗരസഭ അധികൃതർ അറിയിച്ചു.

ആരോഗ്യവകുപ്പിന്റെ അനാസ്ഥയെന്ന് ബി.ജെ.പി

നഗരസഭ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാരോപിച്ച് ബി.ജെ.പി വർക്കല നിയോജക മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ നഗരസഭയിലേക്ക് നടന്ന പ്രതിഷേധ മാർച്ചിൽ സംഘർഷം. ബി.ജെ.പി കൗൺസിലർമാരടക്കം നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. രാവിലെ 11.30ഓടെ വർക്കല മൈതാനത്ത് നിന്നാരംഭിച്ച പ്രകടനം നഗരസഭ ഗേറ്റിന് മുന്നിലെത്തുകയും പൊലീസിന്റെ പ്രതിരോധം വകവയ്ക്കാതെ ഗേറ്റ് തള്ളിത്തുറന്ന് അകത്തേക്ക് കയറിയ പ്രവർത്തകരെ പൊലീസ് നഗരസഭ കാവടത്തിൽ തടയുകയും ചെറിയ തോതിൽ ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു. തുടർന്ന് നടന്ന ധർണ ബി.ജെ.പി ജില്ലാ ട്രഷറർ എം.ബാലമുരളി ഉദ്ഘാടനം ചെയ്തു. പൊതുവഴി തടസപ്പെടുത്തി പ്രതിഷേധപ്രകടനം നടത്തിയതിനും നഗരസഭ കോമ്പൗണ്ടിൽ അതിക്രമിച്ച് കടന്നതിനും കൗൺസിലർമാരടക്കം ബി.ജെ.പി പ്രവർത്തകരെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.