
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തമേഖലയുടെ പുനരധിവാസത്തിനുള്ള കേന്ദ്രസഹായത്തിന് ഇനിയും കാത്തിരിക്കാനാവില്ലെന്ന് സംസ്ഥാന നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കി.
പ്രധാനമന്ത്രി സ്ഥലം സന്ദർശിച്ചപ്പോഴും പിന്നീട് നേരിൽകണ്ടും സഹായാഭ്യർത്ഥന നടത്തിയിട്ടുണ്ട്.
ഇതുവരെ അടിയന്തരസഹായം ലഭ്യമായിട്ടില്ല. ദേശീയ ദുരന്തനിവാരണ നിയമം അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം അതിതീവ്ര ദുരന്തത്തിന്റെ (ഡിസാസ്റ്റർ ഓഫ് സിവിയർ നേച്ചർ) ഗണത്തിൽപ്പെടുന്നതാണ് മേപ്പാടിയിലെ ഉരുൾപൊട്ടൽ. പ്രകൃതിദുരന്തം നേരിട്ട മറ്റു സംസ്ഥാനങ്ങൾക്ക് നിവേദനം പോലും ലഭിക്കാതെ സഹായം നൽകി. ഈ പരിഗണന കേരളത്തിന് ലഭിച്ചില്ല എന്നത് ഖേദകരമാണ്.
മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എം.ബി.രാജേഷാണ് പ്രമേയം അവതരിപ്പിച്ചത്.
ഇതുവരെ ചെയ്തത്
വിശദീകരിച്ച് മുഖ്യമന്ത്രി
വയനാട് പുനരധിവാസത്തെ കുറിച്ച് നേരത്തെ നടന്ന ചർച്ചയ്ക്ക് മറുപടി പറയവേ കേന്ദ്രസഹായത്തിനായി സ്വീകരിച്ച നടപടികൾ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു.
# ജൂലായ് 30നായിരുന്നു ദുരന്തം.1200കോടിയുടെ നഷ്ടം സംഭവിച്ചു. കേന്ദ്രമാനദണ്ഡ പ്രകാരം അപേക്ഷ തയ്യാറാക്കി ആഗസ്റ്റ് 17ന് സമർപ്പിച്ചു. 27ന് പ്രധാനമന്ത്രിയെ നേരിൽകണ്ട് സഹായം അഭ്യർത്ഥിച്ചു.
# പ്രത്യേക ധനസഹായം എത്രയും വേഗം വേണമെന്ന് ആവശ്യപ്പെടാൻ മന്ത്രിസഭ ഒക്ടോബർ 3ന് തീരുമാനിക്കുകയും ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് കേന്ദ്രധനമന്ത്രിയെ നേരിട്ട് കണ്ട് ചർച്ചകൾ നടത്തുകയും ചെയ്തു. ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി കേന്ദ്രആഭ്യന്തര മന്ത്രാലയവുമായി ചർച്ചകൾ നടത്തി.
ഇതുവരെ സഹായം ലഭിച്ചില്ലെന്ന് മാത്രമല്ല, ദുരന്തബാധിതരുടെ കുടുംബങ്ങളുടെ ബാങ്ക് വായ്പകൾ എഴുതിതള്ളുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ അനുകൂലനടപടി എടുത്തതുമില്ല.
# പുതിയ ദുരന്ത പ്രതികരണപ്രതിരോധ നിധിയുടെ മാനദണ്ഡ പ്രകാരം കേന്ദ്രസർക്കാർ ഓഗസ്റ്റ് 14ന് കൊണ്ടുവന്ന പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ്മെന്റ് അനുസരിച്ച് കേന്ദ്ര-സംസ്ഥാന വിദഗ്ദ്ധർ അടങ്ങിയ സംഘംഫീൽഡ് പഠനം പൂർത്തീകരിച്ചിട്ടുണ്ട്. റിപോർട്ട് റിവ്യു ഘട്ടത്തിലാണ്. ഈ മാസം അവസാനത്തോടെ ആ റിപ്പോർട്ടും നൽകും.
# സംസ്ഥാന ദുരന്തപ്രതികരണനിധിയിൽ ഈവർഷം ലഭിക്കേണ്ട കേന്ദ്രവിഹിതമായി 291.2കോടിരൂപ ലഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. മേപ്പാടി പഞ്ചായത്തിൽ 50ൽ അധിക തൊഴിൽദിനങ്ങളും അനുവദിച്ചു.
സുവോമോട്ടോ കേസിൽ 18നുള്ളിൽ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലും ദേശീയ ദുരന്തപ്രതികരണനിധിയിലും നിന്നുള്ള അധികസഹായം സംബന്ധിച്ച തീരുമാനം അറിയിക്കാൻ കേന്ദ്രത്തോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.