
മലയിൻകീഴ്: ഊരൂട്ടമ്പലം നീറമൺകുഴി ജംഗ്ഷനിൽ ഓട്ടോ തടഞ്ഞ് നിറുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും,വാളുകൊണ്ട് ഓട്ടോ വെട്ടി നാശനഷ്ടം വരുത്തുകയും ചെയ്ത നാലുപേരെ മാറനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9നായിരുന്നു സംഭവം. നരുവാമൂട് ചെമ്മണ്ണുകുഴി വിഷ്ണു ഭവനിൽ മിഥുൻ(27),വിളപ്പിൽശാല ചിറയിൽ തുണ്ടുവിള വീട്ടിൽ അനന്തു(25),വിളപ്പിൽശാല വടക്കേ പാലക്കൽ വീട്ടിൽ അരവിന്ദ്(28),അരുവാക്കോട് കൊട്ടിയക്കോണം എം.ആർ കോട്ടേജിൽ ബ്ലസൻ ദാസ(27)എന്നിവരാണ് അറസ്റ്റിലായത്. കാപ്പ കേസിൽപ്പെട്ട് ജയിലായിരുന്ന ഇവർ അടുത്തിടെയാണ് പുറത്തിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു.മാറനല്ലൂർ എസ്.ഐ കിരൺശ്യാം,സി.പി.ഒമാരായ ശ്രീജിത്,വിപിൻ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.