airport


മൂന്നു കൊല്ലത്തിനകം തുറക്കും
ലോകോത്തര സൗകര്യങ്ങൾ

തിരുവനന്തപുരം: റിമോട്ട് ചെക്ക് ഇൻ ഉൾപ്പെടെ ലോകോത്തര സൗകര്യങ്ങളുമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ ടെർമിനൽ വരുന്നു. ശ്രീപദ്മനാഭന്റെ മണ്ണിൽ നന്മയുടെ കവാടമായി (ഗേറ്റ്‌വേ ഒഫ് ഗുഡ്നസ്) നിർമ്മിക്കുന്ന ടെർമിനലിന് 'അനന്ത' എന്നാണ് പേര്. 1.2 കോടി യാത്രക്കാരെ ഉൾക്കൊള്ളാനാകും. ചെലവ് 1300 കോടി. മൂന്നുകൊല്ലംകൊണ്ട് പൂർത്തിയാക്കും. 2070വരെയുള്ള യാത്രാ ആവശ്യങ്ങൾ കണക്കിലെടുത്താണ് അദാനി ഗ്രൂപ്പിന്റെ പദ്ധതി.

32 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാവുന്നതാണ് നിലവിലെ ടെർമിനൽ (അഞ്ചു ലക്ഷം ചതുരശ്രഅടി). പുതിയ ടെർമിനൽ വരുന്നതോടെ ഇത് 18 ലക്ഷം ചതുരശ്രയടിയാവും. വിശ്രമത്തിനും വിനോദത്തിനും ഷോപ്പിംഗിനുമടക്കം മികച്ച സൗകര്യങ്ങൾ. വിമാനത്താവള വികസനത്തെക്കുറിച്ച് ജൂൺ 29ന് 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു.

യാത്ര പുറപ്പെടുന്നതും വരുന്നതുമായ ടെർമിനലുകൾ വ്യത്യസ്ത നിലകളിലാവും (മൾട്ടി ലെവൽ ഇന്റഗ്രേറ്റഡ് ടെർമിനൽ). ചെക്ക് ഇൻ കൗണ്ടറുകൾ, ഇമിഗ്രേഷൻ, കസ്റ്റംസ്, ഷോപ്പിംഗ് ഏരിയ എന്നിവ വിസ്തൃതമാവും. ലോഞ്ചുകൾ വലുതാക്കും. യാത്രക്കാർക്ക് കസ്റ്റംസ്, ഇമിഗ്രേഷൻ ക്ലിയറൻസിനായി കാത്തുനിൽക്കേണ്ട സ്ഥിതിയൊഴിവാകും.

പഞ്ചനക്ഷത്ര ഹോട്ടൽ

അന്താരാഷ്ട്ര ടെർമിനലിന് മുന്നിലായി 240 മുറികളുള്ള, 660പേർക്ക് ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള പഞ്ചനക്ഷത്ര ഹോട്ടലും നിർമ്മിക്കും. വിമാനസർവീസുകൾ തടസപ്പെടുകയോ വൈകുകയോ ചെയ്യുമ്പോഴടക്കം യാത്രക്കാരെ ഉൾപ്പെടെ ഇവിടെ താമസിപ്പിക്കാം. ശംഖുംമുഖത്തെ ആഭ്യന്തര സർവീസുകളും പുതിയ ടെർമിനലിലേക്ക് മാറ്റും. 2028ഓടെ ആഭ്യന്തര ടെർമിനൽ പൊളിച്ചേക്കും.

എട്ടു നില എ.ടി.സി ടവർ

പദ്ധതിയുടെ ഭാഗമായി പുതിയ എയർട്രാഫിക് കൺട്രോൾ ടവറും നിർമ്മിക്കും. ചെലവ് 150 കോടിയിലേറെ. എട്ടുനില. 49മീറ്റർ ഉയരം. ടവറിന്റെ നിയന്ത്രണം എയർപോർട്ട് അതോറിട്ടിക്കാണ്.

വെല്ലുവിളി സ്ഥലക്കുറവ്

1.വിമാനത്താവളം 628.70 ഏക്കർ ഭൂമിയിലാണ്. സ്ഥലപരിമിതിയാണ് വികസനത്തിന് തടസം

2.അന്താരാഷ്ട്ര മാനദണ്ഡപ്രകാരം റൺവേയൊരുക്കാൻ ഇനി 12ഏക്കർ ഭൂമിയേറ്റെടുക്കണം

''സാദ്ധ്യതകളുടെയും അവസരങ്ങളുടെയും കലവറയാണ് തലസ്ഥാനം

-അദാനിഗ്രൂപ്പ്

യാത്രക്കാർ കൂടുന്നു

44ലക്ഷം

(2023ഏപ്രിൽ-2024മാർച്ച് വരെ)

34ലക്ഷം

(2022ഏപ്രിൽ-2023മാർച്ച് വരെ)

50ലക്ഷം

ഇക്കൊല്ലം പ്രതീക്ഷിക്കുന്നത്

29,778

കഴിഞ്ഞവർഷം വന്നുപോയ സർവീസുകൾ