1

തിരുവനന്തപുരം: തലസ്ഥാനത്തെ സ്വകാര്യ സിവിൽ സർവീസ് കോച്ചിംഗ് സെന്ററിൽ പഠിക്കുന്ന യുവതിയെ മദ്യം നൽകി പീഡിപ്പിച്ച കേസിലെ പ്രതി കീഴടങ്ങി.കുറവൻകോണം വിക്രമപുരം ഹിൽസിൽ കൂപ്പർ ദീപുവെന്ന ജി.എസ് ദീപു (30) ഇന്നലെ വൈകിട്ട് കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി.കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണർ നിയാസ്,എസ്.ഐ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.കൂടുതൽ ചോദ്യം ചെയ്യാനും തെളിവെടുക്കാനും കസ്റ്റഡിയിൽ വാങ്ങും. കേസായതോടെ കർണാടക,മധുര,ചെന്നൈ എന്നിവിടങ്ങളിൽ ഒളിവിലായിരുന്നു.

ഒക്ടോബർ 8ന് രാത്രി 11ന് കഴക്കൂട്ടം കുളത്തൂരിൽ യുവതി താമസിക്കുന്ന അപ്പാർട്ട്‌മെന്റിലായിരുന്നു സംഭവം. യുവതിയുടെ ആൺ സുഹൃത്തിന്റെ സുഹൃത്താണ് ദീപു. യൂസ്ഡ് കാർ വില്പനക്കാരനാണ്.വില കൂടിയ കാറായ കൂപ്പറിന്റെ വില്പനയുള്ളതുകൊണ്ടാണ് കൂപ്പർ ദീപുവെന്ന വിളിപ്പേര് വന്നത്.

ആൺ സുഹൃത്തിനെക്കുറിച്ച് ചിലത് പറയാനുണ്ടെന്നറിയിച്ച് ദീപു പരാതിക്കാരിയെ ഫോൺ വിളിച്ചു. വൈകിയതുകൊണ്ട് അപ്പാർട്ട്‌മെന്റിലേക്ക് വരാൻ യുവതി പറഞ്ഞു. ഇവിടെയെത്തിയ പ്രതി നിർബന്ധിച്ച് മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങൾ ദീപു മൊബൈലിൽ പകർത്തി. പുറത്തുപറഞ്ഞാൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം വൈകിട്ടാണ് പരാതി നൽകിയത്. വൈദ്യ പരിശോധനയിൽ പീഡനം നടന്നെന്നും തെളിഞ്ഞിരുന്നു.