
തിരുവനന്തപുരം: എൻജിനീയറിംഗ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ (ഇ.പി.സി) മാതൃകയിൽ ആയിരിക്കും വയനാട്ടിൽ ദുരന്ത ബാധിതർക്കുള്ള ടൗൺഷിപ്പ് നിർമ്മിക്കുന്നതെന്നും ടെൻഡർ നവംബർ 15നകം നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ടൗൺഷിപ്പിൽ എന്തൊക്കെ സൗകര്യങ്ങൾ എവിടെയൊക്കെ വേണമെന്ന് മാത്രമേ സർക്കാർ നിർദേശിക്കൂ.വീടുകൾ അടക്കം ഡിസൈൻ ചെയ്യുന്നതും മറ്റൊരു സ്ഥലത്തുവച്ച്പല പാർട്ടുകളായി നിർമ്മിച്ച് കൊണ്ടുവന്ന് സ്ഥാപിക്കുന്നതും കരാർ കമ്പനി ആയിരിക്കും.
നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിനുള്ള മറുപടിയിലാണിക്കാര്യം വ്യക്തമാക്കിയത്.പരിസ്ഥിതിലോല പ്രദേശങ്ങളിലെ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് നിർമ്മാണം.ഡിസംബർ 31നകം ടെൻഡർ നടപടികൾ പൂർത്തീകരിക്കും.
ടൗൺഷിപ്പിന് മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റും കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ എൽസ്റ്റോൺ എസ്റ്റേറ്റും
ദുരന്തനിവാരണ നിയമം പ്രകാരം ഏറ്റെടുക്കാൻ നടപടിയായി.രണ്ടിടത്തുമായി ഏകദേശം 1000വീടുകൾ പണിയും.
രണ്ടു ലൊക്കേഷനുകളുടെയും ടോട്ടൽ സ്റ്റേഷൻ സർവേയ്ക്കും ലിഡാർ സർവെയ്ക്കുമുള്ള കരാർ ഒരാഴ്ചക്കകം ടെൻഡർ ചെയ്യും
പ്രൊജക്ട് മാനേജ്‌മെന്റ് കൺസൾട്ടന്റായി കിഫ്ബിയെ നിയോഗിക്കും.പൊതുമരാമത്ത് വകുപ്പ്, വാട്ടർ അതോറിറ്റി,കെ.എസ്.ഇ.ബി, തദ്ദേശസ്വയംഭരണ വകുപ്പ്,ടൗൺ പ്ലാനിംഗ് വകുപ്പ്,ഡിസാസ്റ്റർ മാനേജ്മന്റ് വകുപ്പ് എന്നിവയുടെ അഭിപ്രായങ്ങളും പരിഗണിക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നത അധികാരസമിതിക്കാണ് മേൽനോട്ടച്ചുമതല
സ്പോൺസർമാർക്ക്
പ്രത്യേക സംവിധാനം
# വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെ ഒന്നാംഘട്ടത്തിലും വാസയോഗ്യമല്ലാത്ത സ്ഥലങ്ങളിൽ ഉൾപ്പെടുന്ന മറ്റു
കുടുംബങ്ങളെ രണ്ടാംഘട്ടത്തിലും പുനരധിവസിപ്പിക്കും. ഗുണഭോക്താക്കളുടെ കരടുപട്ടിക ജില്ലാകളക്ടർ പ്രസിദ്ധീകരിക്കും.ഭാവിയിൽ രണ്ടാമത്തെ നില പണിയുന്നതിന് സൗകര്യമുള്ള രീതിയിൽ 1000സ്‌ക്വയർ ഫീറ്റിൽ ഒറ്റനിലവീടുകളാണ് നിർമ്മിക്കുക.വാടക കെട്ടിടങ്ങളിൽ കച്ചവടം നടത്തുന്നവരെയും പുനരധിവാസത്തിൽ ഉൾപ്പെടുത്തും.
# രണ്ട് ടൗൺഷിപ്പുകളിലെയും വീടുകളുടെ പൂർത്തീകരണത്തിന് പണമായി സംഭാവന നൽകാൻ താത്പര്യമുള്ള സ്‌പോൺസർമാർക്ക്,അവരുടെ സഹായം നല്കുവാൻ പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തും.അവരുമായി പ്രത്യേക ചർച്ച നടത്തി വിശദാംശം തീരുമാനിക്കും. സാധനസാമഗ്രികൾ വാഗ്ദാനം ചെയ്തവരിൽ നിന്ന് അവ സ്വീകരിക്കുന്നതിന് പ്രത്യേക സൗകര്യങ്ങളുണ്ടാക്കും.
# എം.പിമാരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നു 25 ലക്ഷംരൂപവരെ വിനിയോഗിക്കാൻ കേന്ദ്രം അനുമതി നല്കിയിട്ടുണ്ട്. എം.എൽ.എമാരുടെ പ്രാദേശിക ഫണ്ടിൽ നിന്നു തുക വിനിയോഗിക്കുന്നതും ആലോചിക്കും.ദുരന്തബാധിത കുടുംബങ്ങളുടെ ജീവിതോപാധി മെച്ചപ്പെടുത്താൻ ഓരോകുടുംബത്തിനും പ്രത്യേകമായി മൈക്രോഫാമിലി പ്ലാൻ തയ്യാറാക്കും.