
തിരുവനന്തപുരം: ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് കൂടി ഉറപ്പാക്കണമെന്ന ആവശ്യം കടുപ്പിച്ച് മുന്നോട്ടുനീങ്ങാൻ സി.പി.ഐ തീരുമാനം. ഇക്കാര്യം മുന്നണിക്കുള്ളിലും ഉന്നയിക്കും. ഭക്തരുടെ വികാരം ഉൾക്കൊണ്ടുമാത്രമേ തീരുമാനമെടുക്കാവൂ എന്ന് ദേവസ്വം ബോർഡിലെ സി.പി.ഐ പ്രതിനിധിയായ എ. അജികുമാറിന് സെക്രട്ടറി ബിനോയ് വിശ്വം നിർദ്ദേശം നൽകി. ഇന്നലെ നടന്ന ബോർഡ് യോഗത്തിൽ അജികുമാർ ഈ നിലപാട് വ്യക്തമാക്കി. സ്പോട്ട് ബുക്കിംഗ് വേണമെന്ന ഭക്തജന വികാരത്തോടൊപ്പം ചേർന്നുപോകേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും പറയുന്നതിനപ്പുറത്തേക്ക് പോകാൻ മടിച്ചു നിൽക്കുകയാണ് ദേവസ്വം ബോർഡ് പ്രസിഡന്റ്. അഭിപ്രായ വ്യത്യാസം പ്രബലമായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ കാര്യങ്ങൾ ധരിപ്പിക്കാൻ യോഗത്തിൽ ധാരണയായി.
കാര്യത്തിന്റെ ഗൗരവം ഉൾക്കൊണ്ട് അടുത്ത അവലോകന യോഗത്തിൽ മുഖ്യമന്ത്രി തന്നെ സ്പോട്ട് ബുക്കിംഗിന് അനുകൂലമായ നിലാപാട് എടുക്കുമെന്നാണ് ബോർഡിന്റെ പ്രതീക്ഷ.
23 ന് ദേവസ്വം ബോർഡിന്റെ ജൂബിലി ആഘോഷങ്ങൾ ആരംഭിക്കുന്നതിനു മുന്നോടിയായി പ്രശ്നത്തിൽ പരിഹാരമുണ്ടാക്കാനാണ് നീക്കം. മുഖ്യമന്ത്രിയാണ് ജൂബിലി ആഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്യുന്നത്.