
തിരുവനന്തപുരം: മലയാളികളെ കൊള്ളയടിക്കാൻ കുതന്ത്രങ്ങളുമായി ഓൺലൈനിൽ വലവിരിച്ച് കാത്തിരിക്കുകയാണ് സൈബർ കൊള്ളക്കാർ. സി.ബി.ഐ, കസ്റ്റംസ്, എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരായും സുപ്രീംകോടതി ജഡ്ജിമാരായുമൊക്കെ വേഷംകെട്ടി 'വെർച്വൽ അറസ്റ്റ്' എന്നുവിരട്ടി പണംതട്ടുന്നതാണ് പുതിയരീതി. ഉറ്റവർ അറസ്റ്രിലായെന്ന് കേട്ടമാത്രയിൽ അക്കൗണ്ട് വിവരങ്ങൾ കൈമാറുകയോ പണമയച്ചുകൊടുക്കുകയോ ചെയ്യുന്നവരാണ് തട്ടിപ്പിന് ഇരയാകുന്നത്. കോടികൾ പോയവരിൽ എൻജിനയർമാരും ബാങ്കുദ്യോഗസ്ഥരും ഐ.ടി വിദഗ്ദ്ധരും മുതൽ മെത്രാപ്പൊലീത്ത വരെയുണ്ട്.
പൊലീസ്, നാർകോട്ടിക് കൺട്രോൾ ബ്യൂറോ, എൻഫോഴ്സ്‌മെന്റ്, സൈബർസെൽ, ഇന്റലിജൻസ്ബ്യൂറോ ഉദ്യോഗസ്ഥരായി ചമഞ്ഞാണ് 'വെർച്വൽഅറസ്റ്റ്' എന്ന പുതിയതട്ടിപ്പ്.
നിങ്ങൾ അയച്ചതോ നിങ്ങൾക്ക് വന്നതോ ആയ പാഴ്സലിൽ മയക്കുമരുന്നും വ്യാജ പാസ്പോർട്ടുമുണ്ടെന്നായിരിക്കും ചിലപ്പോൾ പറയുക. ഏതെങ്കിലും തീവ്രവാദക്കേസുമായി ബന്ധപ്പെട്ടിടത്ത് നിങ്ങളുടെ ആധാറോ ക്രെഡിറ്റ്കാർഡോ കിട്ടിയെന്നും പറയും. വ്യാജ തിരിച്ചറിയൽ രേഖകളും കേസ്‌വിവരങ്ങളുമെല്ലാം കാട്ടും. യൂണിഫോമിൽ വീഡിയോകാളിലെത്തിയാവും 'അറസ്റ്റ്ചെയ്യുക'. അക്കൗണ്ടിലെ പണം നിയമപരമായുള്ളതാണോയെന്ന് പരിശോധിച്ച് തിരികെനൽകുമെന്നു പറഞ്ഞ് അക്കൗണ്ടുവിവരങ്ങൾ കൈക്കലാക്കും. അക്കൗണ്ട് കാലിയാവുമ്പോഴായിരിക്കും തട്ടിപ്പ് ബോദ്ധ്യപ്പെടുക.
നമ്മളുപയോഗിക്കുന്ന ഫോൺനമ്പർ ഗുരുതര കേസന്വേഷണത്തിൽ കണ്ടെത്തിയെന്നും സുപ്രീംകോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചെന്നും പറഞ്ഞാകും തട്ടിപ്പ്. കോടതിയുടേതെന്ന പേരിലുള്ള വ്യാജവെബ്സൈറ്റിൽ വാറണ്ട് പരിശോധിക്കാനുമാവശ്യപ്പെടും. കേസൊഴിവാക്കാൻ 20ലക്ഷം മുതൽ ഒരുകോടിവരെ തട്ടിയെടുക്കും. തൃശൂരിലെ വ്യവസായിക്ക്-20ലക്ഷവും തിരുവനന്തപുരത്തെ ഡോക്ടർക്ക്-40ലക്ഷവും ഇങ്ങനെപോയി. കള്ളപ്പണം വെളുപ്പിക്കൽ, മനുഷ്യക്കടത്ത് കേസുകൾ പറഞ്ഞ് കണ്ണൂർ സ്വദേശിനിയിൽനിന്ന് തട്ടിയത് 1.65കോടി. ബാങ്ക്അക്കൗണ്ട് അപ്ഡേഷൻ, ഇ-സിം വേരിഫിക്കേഷൻ, ട്രേഡിംഗ്, റിവാർഡ്പോയിന്റ് തട്ടിപ്പുകളുമുണ്ട്.
തട്ടിപ്പിന് ഇരയായാൽ?
സംശയാസ്പദമായ അക്കൗണ്ടുകൾ മരവിപ്പിക്കാൻ അന്വേഷണഏജൻസികൾക്കാവും
പരിശോധനയ്ക്കായി അക്കൗണ്ടിലെ പണം കൈമാറാൻ ഒരു ഏജൻസിയും ആവശ്യപ്പെടില്ല
ഇത്തരം തട്ടിപ്പുകളോട് പ്രതികരിക്കാതിരിക്കുക, പൊലീസിലും ബന്ധുക്കളെയുമറിയിക്കുക.
രണ്ടു മണിക്കൂറിനകം 1930എന്ന ഹെൽപ്പ് ലൈനിൽ അറിയിച്ചാൽ പണംതിരിച്ചുപിടിക്കാം
എം.എൽ.എ മുതൽ ബിഷപ്പുവരെ
1.ആലുവ എം.എൽ.എ അൻവർ സാദത്തിന്റെ ഡൽഹിയിൽ പഠിക്കുന്ന മകൾ മയക്കുമരുന്നുമായി അറസ്റ്റിലായെന്ന വ്യാജ സന്ദേശമയച്ച് പണം തട്ടാൻ ശ്രമിച്ചിരുന്നു. മകൾ സുരക്ഷിതയാണെന്ന് ഉറപ്പാക്കി തട്ടിപ്പുനീക്കം എം.എൽ.എ പൊളിച്ചു.
2. ജെറ്റ്എയർവെയ്സ് ഉടമ നരേഷ്‌ഗോയലുൾപ്പെട്ട കള്ളപ്പണക്കേസിൽ പ്രതിയെന്നറിയിച്ച് മെത്രാപ്പൊലീത്ത ഡോ. ഗീവർഗീസ് മാർ കൂറിലോസിൽനിന്ന് കേസൊഴിവാക്കാൻ15,01,186 രൂപ തട്ടിയെടുത്തു. ഓൺലൈനിലൂടെ ജുഡീഷ്യൽ വിചാരണയും നടത്തി.
3. സി.ബി.ഐയുടെ 'വിർച്വൽഅറസ്റ്റ്" കാട്ടി സംഗീതസംവിധായകൻ ജെറി അമൽദേവിന്റെ 2.7ലക്ഷം തട്ടാൻ ശ്രമിച്ചു. ഡൽഹിയിലെ ജനതാസേവാ എന്ന അക്കൗണ്ടിലേക്കാണ് പണംമാറ്രാൻ ശ്രമിച്ചത്. ഫെഡറൽ ബാങ്കുദ്യോഗസ്ഥരാണ് തട്ടിപ്പ് പൊളിച്ചത്.
201കോടി
ഓൺലൈൻ തട്ടിപ്പുകാർ 2023ൽ കേരളത്തിൽ നിന്ന് തട്ടിയെടുത്തത്.
പ്രൊഫഷണലുകളും ഇര
(അഞ്ചുമാസത്തെ കണക്ക്)
93:
ഐ.ടി വിദഗ്ദ്ധർ
55 :
ഡോക്ടർമാർ
60:
ഗവ. ഉദ്യോഗസ്ഥർ
39:
അദ്ധ്യാപകർ
31:
ബാങ്കുദ്യോഗസ്ഥർ
27:
സൈനിക ഉദ്യോഗസ്ഥർ
80:
വിദേശമലയാളികൾ
93:
വീട്ടമ്മമാർ
123:
വ്യാപാരികൾ
327:
സ്വകാര്യ ജീവനക്കാർ
പരാതിപ്പെടാം
9497980900
(പൊലീസ് വാട്സ്ആപ്)
1930
(ടോൾഫ്രീനമ്പർ)
www.cybercrime.gov.in
സൈബർ തട്ടിപ്പുകൾ തടയും: മുഖ്യമന്ത്രി
തിരുവനന്തപുരം: സൈബർ തട്ടിപ്പുകൾ തടയാൻ കർശന നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. തട്ടിപ്പ് നടത്തിയ മുപ്പതിനായിരത്തിലേറെ ബാങ്ക് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു. തട്ടിപ്പിന് ഉപയോഗിച്ച മൊബൈൽ ഫോണുൾപ്പെടെയുള്ളവ പ്രവർത്തനരഹിതമാക്കി. പ്രതികളെ അറസ്റ്റ് ചെയ്തു. സൈബർ സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിന് സമഗ്രമായ സൈബർ സുരക്ഷിത 'ഫിൻ ഇക്കോ സിസ്റ്റം' ഉറപ്പുവരുത്തും. ഇതിന് കേന്ദ്രസർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സൈബർ സാമ്പത്തിക തട്ടിപ്പിനെതിരെ ജാഗ്രത പുലർത്തുന്നതിന് സോഷ്യൽ മീഡിയ പേജുകൾ വഴി പൊലീസ് വ്യാപകമായ ബോധവത്കരണം നടത്തുന്നു. എല്ലാ ജില്ലകളിലും സൈബർ പൊലീസ് സ്റ്റേഷനുകളുണ്ട്. ജനങ്ങൾക്ക് പരാതി നൽകാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന 1930 എന്ന ടോൾ ഫ്രീ നമ്പരും, www.cybercrime.gov.in വെബ്സൈറ്റുമുണ്ടെന്ന് അൻവർ സാദത്തിന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി.