കുടിവെള്ളം മുടങ്ങുന്നത് 19ന് രാത്രി 10 മുതൽ 21ന് രാവിലെ 6 വരെ
തിരുവനന്തപുരം: പേരൂർക്കടയിൽ വീണ്ടും പൈപ്പിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നഗരത്തിൽ വീണ്ടും കുടിവെള്ളം മുടങ്ങും. പേരൂർക്കട ജംഗ്ഷനിൽ രൂപപ്പെട്ട ചോർച്ച പരിഹരിക്കാനാണ് ഇത്തവണ അറ്റകുറ്റപ്പണി നടത്തുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ 19ന് രാത്രി 10 മുതൽ 21ന് രാവിലെ 6 വരെ പേരൂർക്കട ജലസംഭരണിയിൽ നിന്നുള്ള കുടിവെള്ള വിതരണം നിറുത്തിവയ്ക്കും. അരുവിക്കര, പേരൂർക്കട ഭാഗങ്ങളിലെ പൈപ്പുപണി മൂലം രണ്ടാഴ്ചയ്ക്കിടെ ഇത് മൂന്നാമത്തെ തവണയാണ് കുടിവെള്ള വിതരണം നിറുത്തിവയ്ക്കുന്നത്. നേരത്തെ രണ്ടുതവണയും അരുവിക്കരയിലെയും പേരൂർക്കടയിലെയും ടാങ്കുകളോട് ചേർന്നുള്ള വാൽവുകളിലുണ്ടായ പ്രശ്നമായിരുന്നെങ്കിൽ ഇത്തവണ പേരൂർക്കട ജംഗ്ഷനിലെ റോഡിന്റെ മദ്ധ്യത്തിൽ രൂപപ്പെട്ട ചോർച്ചയാണ് കാരണം. സ്മാർട്ട് സിറ്റി റോഡ് നവീകരണം പൂർത്തിയായതിനു പിന്നാലെയാണ് ചോർച്ച കണ്ടെത്തിയത്. ജലസംഭരണിയിൽ നിന്ന് നഗരത്തിലേക്കുള്ള 700 എം.എം പ്രമോ പൈപ്പിലാണ് ചോർച്ചയുള്ളതെന്നും റോഡിന് അടിയിലുള്ള പൈപ്പായതിനാൽ പ്രശ്നം എത്രത്തോളമുണ്ടെന്ന് കണ്ടെത്താനായിട്ടില്ലെന്നും വാട്ടർ അതോറിട്ടി അധികൃതർ പറഞ്ഞു. ഈ സാഹചര്യത്തിലാണ് പണികൾക്കായി 32 മണിക്കൂർ സമയം നിശ്ചയിച്ചിരിക്കുന്നത്.
ജലവിതരണം മുടങ്ങുന്ന സ്ഥലങ്ങൾ
പേരൂർക്കട, ഇന്ദിരാനഗർ, ഊളമ്പാറ, പൈപ്പിന്മൂട്, ശാസ്തമംഗലം, വെള്ളയമ്പലം, കവടിയാർ, നന്ദൻകോട്, കുറവൻകോണം, പട്ടം, പൊട്ടക്കുഴി, മുറിഞ്ഞപാലം, ഗൗരീശപട്ടം, കുമാരപുരം, മെഡിക്കൽ കോളേജ്, ഉള്ളൂർ, കേശവദാസപുരം, പരുത്തിപ്പാറ, മുട്ടട, വയലിക്കട, അമ്പലമുക്ക്.