തിരുവനന്തപുരം: വനംവകുപ്പിൽ എ.പി.സി.സി.എഫ് (ഭരണം,ബഡ്ജറ്റ്) ചേമ്പറിൽ നടന്ന പ്ലാൻ ഫണ്ട് വിനിയോഗത്തെ സംബന്ധിച്ച മിനിട്സിൽ താത്കാലിക വാച്ചർമാരെ കുറയ്ക്കണമെന്ന നിർദ്ദേശം അടിയന്തരമായി പിൻവലിക്കണമെന്ന് കേരള ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. മിനിമം വേതനത്തിന്റെ പരിധിയിൽ വരുന്ന വനംവകുപ്പ് തൊഴിലാളികൾക്ക് വേതനം കുടിശികയായിട്ട് മാസങ്ങളായി. കുടിശിക ശമ്പളം തീർത്ത് നൽകണമെന്നാവശ്യപ്പെട്ട് യൂണിയൻ സംസ്ഥാനവ്യാപകമായി ഡി.എഫ്.ഒ ഓഫീസുകൾക്ക് മുമ്പിൽ 28ന് ധർണ നടത്തുമെന്ന് വനംമന്ത്രിക്ക് കത്ത് നൽകി. എക്സ് എം.എൽ.എയും ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ പ്രസിഡന്റുമായ ബാബു പോൾ, ജനറൽ സെക്രട്ടറി അഡ്വ.കള്ളിക്കാട് ചന്ദ്രൻ,മീനാങ്കൽകുമാർ എന്നിവരാണ് കത്ത് നൽകിയത്.