
തിരുവനന്തപുരം: 2001ലെ തുമ്പ വെടിവയ്പ്പ് കേസിൽ അന്വേഷണ കമ്മിഷനായിരുന്ന റിട്ട.ജില്ലാ ജഡ്ജി ആറ്റിങ്ങൽ കൊട്ടിയോട് കൃഷ്ണസൂര്യയിൽ ജി.രാജപ്പൻ ആചാരി (84) അന്തരിച്ചു. ഞായറാഴ്ച രാത്രി 11ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നടത്തി.
സി. ഗോപാലൻ ആചാരിയുടെയും ലക്ഷ്മിഅമ്മാളിന്റെയും മകനാണ്.
ആറ്റിങ്ങൽ കോടതിയിൽ അഭിഭാഷകനായിരുന്നു. തുടർന്ന് 1986ൽ എറണാകുളം ജില്ലാ കോടതിയിൽ അഡിഷണൽ ജഡ്ജിയായി. കൊല്ലം, പാലക്കാട് ജില്ലാ കോടതികളിലും ന്യായാധിപനായിരുന്നു. പാലക്കാട് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജിയായി 2000ൽ വിരമിച്ചു. ദേവസ്വം ബോർഡ്, കെ.എസ്.ഇ.ബി എന്നിവയിൽ ലാ ഓഫീസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1996ൽ പാലക്കാട് കളക്ടറെ അയ്യങ്കാളിപ്പടയുടെ പ്രവർത്തകർ ബന്ദിയാക്കിയപ്പോൾ മദ്ധ്യസ്ഥനായി.
രണ്ടുതവണ ആറ്റിങ്ങൽ ബാർ അസോസിയേഷൻ പ്രസിഡന്റായി. ഏഴു വർഷം ആറ്റിങ്ങൽ നഗരസഭയുടെ അഭിഭാഷകനായും പ്രവർത്തിച്ചു. അഭിഭാഷകനായിരിക്കെ കോൺഗ്രസ് രാഷ്ട്രീയത്തിലും സജീവമായിരുന്നു. കോൺഗ്രസ് ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്, കെ.പി.സി.സി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: എസ്.ലീലാഭായി. മക്കൾ: രാജലക്ഷ്മി, അഡ്വ.രാജശ്രീ (പാലക്കാട് ജില്ലാ കോടതി), രാജഗോപാൽ (ഡിജിറ്റൽ റെക്കാഡിംഗ് സ്റ്റുഡിയോ, ആറ്റിങ്ങൽ). മരുമക്കൾ: പ്രൊഫ. രാജ്കിഷൻ (ഡെപ്യൂട്ടി ഡയറക്ടർ, ലീഡ് കോളേജ് ഓഫ് മാനേജ്‌മെന്റ്, പാലക്കാട്), ഡിംപിൾ രാജഗോപാൽ.