
തിരുവനന്തപുരം: മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡിലെ അംഗങ്ങളുടെ മസ്റ്ററിംഗ് പൂർത്തിയാക്കുന്നതിൽ അനിശ്ചിതത്വം. ഇ പോസ് യന്ത്രത്തിൽ വിരലടയാളം പതിയാത്തവരുടെ റേഷൻകാർഡ് മസ്റ്ററിംഗ് പൂർത്തിയാക്കണമെങ്കിൽ കൃഷ്ണമണി സ്കാൻ ചെയ്യണം. അതിന് ഐറിസ് സ്‌കാനർ ആവശ്യമാണ്. നിലവിൽ ഒരു റേഷൻ കടയിലും ഐറിസ് സ്കാനർ സൗകര്യം സർക്കാർ ഏർപ്പെടുത്തിയിട്ടില്ല.
റേഷൻ മസ്റ്ററിംഗ് തീയതി 25വരെയാണ് നീട്ടിയത്. 29 ലക്ഷം അംഗങ്ങളുടെ മസ്റ്ററിംഗ് ബാക്കിയുണ്ട്. ഇവരിൽ വലിയൊരു വിഭാഗം കിടപ്പുരോഗികൾ, ഇ പോസ് യന്ത്രത്തിൽ വിരലടയാളം പതിയാത്തവർ, 10 വയസ്സിൽ താഴെയുള്ള കുട്ടികൾ എന്നിവരാണ്.
ആധാർ ബയോമെട്രിക് വിവരം പുതുക്കിയിട്ടും ഇ പോസിൽ വിരലടയാളം പൊരുത്തപ്പെടാത്തവരുണ്ട്. ഇവരുടെ മസ്റ്ററിംഗ് പൂർത്തിയാക്കാൻ ഐറിസ് സ്‌കാനർ നിർബന്ധമാണ്.
മുൻപ് വിരലടയാളം പതിയാതിരുന്നപ്പോൾ ഐറിസ് സ്‌കാനർകൂടി അനുവദിക്കണമെന്ന് റേഷൻകടക്കാർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നൽകിയില്ല.
കുറഞ്ഞത് 6000 രൂപ വില വരുന്ന സ്‌കാനർ വാങ്ങാൻ സാമ്പത്തികപ്രയാസം കാരണം മിക്ക റേഷൻ വ്യാപാരികൾക്കും കഴിയില്ല. 2 മാസത്തെ വേതനം കുടിശികയായതിനു പുറമേ ഓണക്കാല ഉത്സവബത്തയായ 1000 രൂപ നൽകാത്തതിലും വ്യാപാരികൾക്കു പ്രതിഷേധമുണ്ട്.
വാടകയ്ക്കെടുക്കാൻ ആലോചന
ഐറിസ് സ്കാനർ വാടകയ്ക്കെടുത്ത് റേഷൻകടകൾക്ക് ലഭ്യമാക്കുന്ന കാര്യം ഭക്ഷ്യവകുപ്പ് ആലോചിക്കുന്നുണ്ട്. അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെ മസ്റ്ററിംഗ് പൂർത്തിയാക്കുന്ന കാര്യവും പരിഗണനയിലുണ്ട്.