hi

വെഞ്ഞാറമൂട്: പ്രകൃതിയിലെ ജലസ്രോതസുകൾ ശാസ്ത്രീയമായി പ്രയോജനപ്പെടുത്തി ഭൂമിക്കും ജീവജാലങ്ങൾക്കും സംരക്ഷണം ഒരുക്കുന്നതിന് പുല്ലമ്പാറ പഞ്ചായത്തിനെ ദേശീയ പുരസ്കാരത്തിന് അർഹമാക്കി. മികച്ച പഞ്ചായത്തിനുള്ള അഞ്ചാമത് ദേശീയ ജലശക്തി അവാർഡും ദേശീയ തലത്തിൽ ഒന്നാം സ്ഥാനവും നേടുന്ന കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത് കൂടിയാണ് പുല്ലമ്പാറ. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നേതൃത്വത്തിൽ നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി അഗ്രി എൻജിനിയറിംഗ്, ജി.ഐ.എസ് സാങ്കേതിക വിദ്യകൾ സംയോജിപ്പിച്ച് നീരുറവ് പദ്ധതി വിജയകരമായി നടപ്പാക്കിയിരുന്നു. 2021ൽ ഉദ്ഘാടനം ചെയ്ത പദ്ധതി കേരളത്തിലെ പഞ്ചായത്തുകളിലെല്ലാം നടപ്പാക്കി. സജലം എന്ന പേരിൽ തയാറാക്കിയ സ്‌പ്രിംഗ് ഷെഡ് വികസന പദ്ധതിയും മാതൃകാപരമായി പൂർത്തിയായി. കളരിവനം വൃക്ഷവത്കരണ പദ്ധതിയിലൂടെ മാതൃകാപരമായി വാമനപുരം നദിയുടെ പാർശ്വ പ്രദേശങ്ങളിൽ വൃക്ഷങ്ങൾ നട്ട് പിടിപ്പിക്കുകയും ദേശീയ ബാംബൂ മിഷന്റെ ഫണ്ട് ഉപയോഗിച്ച് മുളംതൈകളും നട്ടു. തൊഴിലുറപ്പ് പദ്ധതിയിലൂടെ അറുന്നൂറോളം കുളങ്ങൾ നിർമ്മിക്കുകയും കിണർ റീചാർജ് ചെയ്യുകയും ചെയ്തതിലൂടെ ജലനിരപ്പ്‌ ഉയർത്താൻ കഴിഞ്ഞതായും അവാർഡ് കമ്മിറ്റി വിലയിരുത്തി. കാർഷിക മേഖലയിലും അനുബന്ധ മേഖലകളിലും ക്രോപ്പ് റൊട്ടേഷൻ പോലെയുള്ള സാങ്കേതങ്ങൾ മികച്ച രീതിയിൽ പ്രയോജനപ്പെടുത്തി. വാമനപുരം നിയോജക മണ്ഡലത്തിൽ നടക്കുന്ന നീർധാര പദ്ധതിയുടെ ഭാഗമായി നിരവധി ജല സംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് പൂർത്തീകരിച്ചിട്ടുണ്ട്. ഈ മാസം 22ന് വിഖ്യാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഉപഹാരം സമർപ്പിക്കും.