
വിതുര: അതിജീവനത്തിന്റെ ചേക്കുട്ടിപ്പാവകൾ ഇനി പുസ്തകങ്ങളായി വായനക്കാരുടെ മുന്നിലെത്തും. വിതുര ഗവ.വി.എച്ച്.എസ്.എസിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ പാഴ്‌വസ്‌തുക്കളിൽ നിന്ന് നിർമ്മിച്ച
പാവകളിൽ നല്ലൊരു പങ്കും അകാലത്തിൽ പൊലിഞ്ഞ ധീരജവാൻ ആർ.വിഷ്ണുവിന്റെ സ്മരണയ്ക്കായി ചെറ്റച്ചൽ പൊട്ടൻചിറയിൽ നിർമ്മിച്ച സ്മാരക ഗ്രന്ഥശാലയ്ക്ക് നൽകി.അവ വില്പന നടത്തിക്കിട്ടുന്ന തുകയ്ക്ക് പുസ്തകങ്ങൾ വാങ്ങാനാണ് തീരുമാനം. പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ.ജി.ആനന്ദ്, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി, വിതുര സി.ഐ പ്രദീപ് കുമാർ എന്നിവർ ചേർന്ന് ഗ്രന്ഥശാല പ്രസിഡന്റ് പൊട്ടൻചിറ ശ്രീകുമാർ, സെക്രട്ടറി രതീഷ് ഭാവന എന്നിവർക്ക് പാവകൾ കൈമാറി. പാവകൾ പൂർണമായും വിറ്റഴിഞ്ഞു.
എസ്.പി.സി പാഠ്യപദ്ധതിയുടെ ഭാഗമായ വിതുര സ്‌കൂളിലെ സ്കിൽ ഹബിന്റെ നേതൃത്വത്തിലാണ് പാവകൾ തയ്യാറാക്കിയത്. കേഡറ്റുകൾ തയ്യാറാക്കിയ നൂറു കണക്കിന് പാവകൾ വിൽപ്പന നടത്തി ലഭിക്കുന്ന തുക ചാരിറ്റി പ്രവർത്തനങ്ങൾക്കായി സ്‌കൂൾ പി.ടി.എയ്ക്ക് കൈമാറും.
ചേക്കുട്ടിപാവകളുടെ നിർമ്മാണവും വിൽപ്പനയും പുരോഗമിക്കുകയാണ്. കാർബൻ ന്യൂട്രൽ വിതുര ക്യാമ്പെയിനിന്റെ ഭാഗമായി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ സംഘടിപ്പിക്കുന്ന നിരവധി പ്രവർത്തനങ്ങളിൽ ഒന്നാണ് ചേക്കുട്ടി പാവകളുടെ നിർമ്മാണം. ചേക്കുട്ടിപാവകൾ ദേശീയശ്രദ്ധ നേടിയിരിക്കുകയാണ്.