
ആറ്റിങ്ങൽ: വാമനപുരം നദിയിലെ നീരൊഴുക്ക് ക്രമപ്പെടുത്തുന്നതിന് കൊല്ലമ്പുഴയിൽ ചെക്ക്ഡാമിന്റെ നിർമ്മാണം ആരംഭിച്ചു. കൊല്ലമ്പുഴ പാലത്തിന് സമീപത്തായാണ് ചെക്ക്‌ഡാം നിർമ്മിക്കുന്നത്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷനാണ് നിർമ്മാണ ചുമതല. വാമനപുരം നദി കേന്ദ്രീകരിച്ച് ജില്ലയിലെ പകുതിയോളം ഭാഗങ്ങളിൽ കുടിവെള്ള വിതരണ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. എന്നാൽ വേനൽക്കാലമാകുമ്പോൾ നീരൊഴുക്ക് നിലച്ച് നദിയുടെ അടിത്തട്ട് കാണുന്നതരത്തിൽ വെള്ളം വറ്റാറുണ്ട്. ചിറയിൻകീഴ്, വർക്കല താലൂക്കുകളിൽ മാത്രം മൂന്ന് ലക്ഷത്തിലധികം ഗാർഹിക, ഗാർഹികേതര വാട്ടർ കണക്ഷനുകളുടെ ദാഹമകറ്റുന്നത് നദിയിലെ വെള്ളമാണ്.
 ജലസംഭരണത്തിന് ഡാം
തീരദേശ പഞ്ചായത്തുകൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് പൈപ്പ് വെള്ളത്തെയാണ്. വേനലായാൽ കുടിവെള്ളം മുട്ടും. കൂടാതെ വേലിയേറ്റ സമയത്ത് കടലിൽനിന്നുള്ള ഉപ്പുവെള്ളം നദിയിലെത്താറുമുണ്ട്. ഇത് പരിഹരിക്കുന്നതിനായി പൂവമ്പാറ പാലത്തിന് സമീപം 15 വർഷം മുമ്പ് സ്ഥിരം തടയണ നിർമ്മിച്ചിരുന്നു. ഇതോടെ ഉപ്പുവെള്ളം കയറുന്നത് തടയാൻ കഴിഞ്ഞെങ്കിലും നദിയിലെ നീരൊഴുക്ക് തടഞ്ഞുനിറുത്താൻ കഴിഞ്ഞിട്ടില്ല. ഇതോടെ എല്ലാവർഷവും ഒരു മീറ്റർ ഉയരത്തിലും 45 മീറ്റർ നീളത്തിലും താത്കാലിക തടയണ നിർമ്മിക്കുമെങ്കിലും ജല സംഭരണത്തെ ഇത് കാര്യമായി സഹായിച്ചിട്ടില്ല. ഇതിന് പരിഹാരമായാണ് കൊല്ലമ്പുഴയിലെ ചെക്ക് ഡാം നിർമ്മാണം.
 നിർമ്മാണം തുടങ്ങി
ഡാം നിർമ്മാണത്തിന്റെ ഭാഗമായി പാർശ്വഭിത്തിക്കുള്ള തെങ്ങിൻതടികൾ നദിയിൽ കുഴിച്ചിടുന്ന ജോലികളാണിപ്പോൾ നടക്കുന്നത്. അത് പൂർത്തിയായാൽ പാർശ്വഭിത്തിയുടെ നിർമ്മാണം ആരംഭിക്കും. കാലാവസ്ഥ, നദിയിലെ നീരോഴുക്ക് തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനമാക്കിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.