തിരുവനന്തപുരം: കൊച്ചി നഗരത്തിലെ പ്രധാന കനാലുകളെ പുനരുജ്ജീവിപ്പിക്കുന്നതിനും വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിനും മലിനജല സംസ്കരണത്തിനും കനാലുകളിലൂടെയുള്ള ജലഗതാഗതം പുനഃസ്ഥാപിക്കുന്നതിനും ഇന്റഗ്രേറ്റഡ് അർബൻ റീജനറേഷൻ ആൻഡ് വാട്ടർ ട്രാൻസ്പോർട്ട് സിസ്റ്റം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കിഫ്ബിയുടെ ധനസഹായത്തോടെയാണിത്. നിർവഹണ ഏജൻസി കൊച്ചി മെട്രോയാണ്. ഇടപ്പള്ളി, ചിലവന്നൂർ, തേവര, പേരണ്ടൂർ, മാർക്കറ്റ്, കോന്തുരുത്തി, മംഗളവനം എന്നീ 7 കനാലുകളെയാണ് പദ്ധതിയിലുള്ളത്.
* കനാലുകളുടെ വീതി 16.50 മീറ്റർ
എല്ലാ കനാലുകളുടെയും ഏറ്റവും ചുരുങ്ങിയ വീതി 16.50 മീറ്ററാവും. ഭാവിയിൽ കൈയേറ്റങ്ങളുണ്ടാകാതിരിക്കുവാനും സ്വീവേജ് പ്ലാന്റുകളിലേക്കുള്ള പൈപ്പുകൾ സ്ഥാപിക്കുന്നതിനും കെ.എസ്.ഇ.ബി ആവശ്യങ്ങൾക്കുമായി ഇരുകരകളിലും ചുരുങ്ങിയത് രണ്ടുമീറ്റർ വീതിയിൽ നടപ്പാത നിർമ്മിക്കും. ഇടപ്പള്ളി, ചിലവന്നൂർ, തേവര, പേരണ്ടൂർ കനാലുകളുടെ വികസനത്തിനായി 42 ഹെക്ടർ സ്വകാര്യ ഭൂമി ഏറ്റെടുക്കണം. മലിനജല സംസ്കരണത്തിനായി കൊച്ചി നഗരത്തിന്റെ 70 ശതമാനം പ്രദേശം ഉൾക്കൊള്ളുന്ന ഒരു ബൃഹദ് പദ്ധതി കിഫ്ബിയും ജലഅതോറിട്ടിയും ചേർന്ന് നടപ്പാക്കും.
എളംകുളം, വെണ്ണല, മുട്ടാർ, പേരണ്ടൂർ എന്നിവിടങ്ങളിൽ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ നിർമ്മിക്കും. പദ്ധതിക്കായി കിഫ്ബി 1,325 കോടി രൂപ അനുവദിച്ചു. ടെൻഡർ പുരോഗമിക്കുകയാണ്.
സ്ഥലം ഏറ്റെടുക്കൽ ആവശ്യമില്ലാത്ത മാർക്കറ്റ് കനാലിന്റെ സൗന്ദര്യവത്കരണവും ചിലവന്നൂർ ടാങ്ക് ബണ്ട് റോഡ് പാലത്തിന്റെ നിർമ്മാണ പ്രവൃത്തികളും വേഗത്തിൽ പുരോഗമിക്കുന്നു. ഈ പദ്ധതി കൊച്ചി നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ ഒരു പുതിയ ചുവടുവയ്പ്പായിരിക്കുമെന്നും ടി.ജെ. വിനോദിന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി.