p

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജിന് 2020 മാർച്ച് വരെയേ സ്വയംഭരണ പദവി നൽകിയിട്ടുള്ളൂവെന്നും പുതുക്കാൻ കോളേജ് അധികൃതർ അപേക്ഷിച്ചിട്ടില്ലെന്നും യു.ജി.സി വ്യക്തമാക്കി. ഇതോടെ കോളേജ് നടത്തിയ പരീക്ഷകൾ അസാധുവാകുമെന്ന് ആശങ്ക. സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ കമ്മിറ്റിക്ക് ലഭിച്ച വിവരാവകാശ രേഖയിലാണ് ഇക്കാര്യമുള്ളത്.

2020 മാർച്ച് മുതൽ കോളേജ് പ്രവർത്തിക്കുന്നത് യു.ജി.സിയുടെ അംഗീകാരമില്ലാതെയാണ്. ഇത് പരിശോധിക്കാതെ പ്രിൻസിപ്പലിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ എം.ജി യൂണിവേഴ്സിറ്റി നൽകിയ ബിരുദങ്ങൾ അസാധുവാകാൻ ഇടയുണ്ട്. കോളേജ് പ്രിൻസിപ്പൽ എം.ജി സർവകലാശാല സിൻഡിക്കേറ്റ് അംഗമായിരുന്നിട്ടും ഇക്കാര്യങ്ങളിൽ ശ്രദ്ധിക്കാത്തത് ഗുരുതര വീഴ്ചയാണ്. 2014 ൽ യു.ഡി.എഫ് സർക്കാരാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിനും, എറണാകുളം മഹാരാജാസ് കോളേജിനും ഓട്ടോണമസ് പദവി നൽകാൻ തീരുമാനിച്ചത്. എന്നാൽ,യൂണിവേഴ്സിറ്റി കോളേജിൽ പരിശോധനയ്ക്ക് എത്തിയ യു.ജി.സി സംഘത്തെ എസ്.എഫ്.ഐ വിദ്യാർത്ഥികളും ഒരു വിഭാഗം അദ്ധ്യാപകരും തടഞ്ഞതിനെ തുടർന്ന് പരിശോധന നടത്താതെ മടങ്ങി. എന്നാൽ മഹാരാജാസ് കോളേജിൽ പരിശോധന നടത്തി 2020 മാർച്ച്‌ വരെ ഓട്ടോണമസ് പദവി നൽകി. സിലബസ് അംഗീകരിക്കൽ, ചോദ്യപേപ്പർ തയ്യാറാക്കൽ, പരീക്ഷ നടത്തിപ്പ്, മൂല്യനിർണയം, ഫല പ്രഖ്യാപനം എന്നിവയെല്ലാം കോളേജിൽ തന്നെ നടത്തുന്നതിനാൽ ഒരു വിഭാഗം അദ്ധ്യാപകരും വിദ്യാർത്ഥികളും ഇത് ദുരുപയോഗം ചെയ്യുന്നതായും ആക്ഷേപമുണ്ട്.

ഓട്ടോണമസ് പദവി നഷ്ടപ്പെട്ട സാഹചര്യത്തിൽ കോളേജിനെ എം.ജി യൂണിവേഴ്സിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കും, ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകി. 2020 മാർച്ചിന് ശേഷമുള്ള വിദ്യാർത്ഥി പ്രവേശനം, ക്ലാസ് കയറ്റം, പരീക്ഷ നടത്തിപ്പ് എന്നിവ പുനഃപരിശോധിക്കണം. പ്രിൻസിപ്പലിന്റെ ശുപാർശ പ്രകാരം ബിരുദങ്ങൾ നൽകുന്നത് യൂണിവേഴ്സിറ്റി തടയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.