
കല്ലമ്പലം: നാവായിക്കുളം ഇടമൺനിലയിൽ 1970ൽ ആരംഭിച്ച സേവാസംഘം ഗ്രന്ഥശാല പ്രവർത്തന മികവോടെ മുന്നേറുന്നു. 1975 ഒക്ടോബർ 25നാണ് പി.എൻ പണിക്കർ ഗ്രന്ഥശാല മന്ദിരത്തിന് തറക്കല്ലിട്ടത്. അന്നത്തെ ജില്ലാകളക്ടറായിരുന്ന സരളാഗോപാലൻ ഗ്രന്ഥശാല സന്ദർശിക്കുകയും പ്രവർത്തന മികവിനെ അംഗീകരിക്കുകയും ചെയ്തിരുന്നു. കിഴക്കനേല, വെട്ടിയറ, 28-ാം മൈൽ, നാവായിക്കുളം, കടമ്പാട്ടുകോണം എന്നിവിടങ്ങളിലെ ജനങ്ങൾ ആശ്രയിച്ചിരുന്ന ഗ്രന്ഥശാല മന്ദിരം നാശത്തിന്റെ വക്കിലായപ്പോൾ നാട്ടുകാരുടെ ശ്രമഫലമായി പുതിയ മന്ദിരം നിർമ്മിച്ചു. ഗ്രന്ഥശാലക്ക് വേണ്ടി സ്ഥലം നൽകിയത് പ്രദേശവാസിയായ നാരായണൻമേശിരിയാണ്. മലയാളം, ഇംഗ്ലീഷ് വർത്തമാന പത്രങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ, മറ്റ് റെഫെറൻസ് ഗ്രന്ഥങ്ങൾ ഉൾപ്പടെ 5000 ത്തിലേറെ പുസ്തകങ്ങളുണ്ട്. ബാലവേദി, വനിതാവേദി, പ്രതിമസപരിപാടികൾ, വീടുകളിലിൽ പുസ്തകങ്ങൾ എത്തിക്കുന്ന മൊബൈൽ ലൈബ്രറി, ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, തുടങ്ങിയ പ്രവർത്തനങ്ങളും നടന്നുവരുന്നു. എസ്.രജനിയാണ് ലൈബ്രറിയൻ.