photo

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു പിറകുവശത്തെ ചുറ്റുമതിലിൽ വളർന്നു നിൽക്കുന്ന പാഴ്മരങ്ങൾ അപകടഭീഷണി ഉയർത്തുന്നു. ഏകദേശം 20 അടി ഉയരമുള്ള കരിങ്കല്ലിൽ നിർമ്മിച്ച ചുറ്റുമതിലാണിത്. വർഷങ്ങളുടെ പഴക്കമുള്ള മതിലിന് ബലക്ഷയവും ഉണ്ടായിട്ടുണ്ട്. പാഴ്‌മരങ്ങളുടെ വേരുകൾ മതിലിൽ വളർന്നിറങ്ങി മതിലിൽ വിണ്ടലുകൾ രൂപപ്പെട്ടതിനാൽ അതിലൂടെ മഴ സമയത്ത് വെള്ളം റോഡിലേക്ക് കുത്തിയൊലിച്ചുവരുന്നതും പതിവാണ്.

ബസ് സ്റ്റാൻഡിന്റെ പിറകുവശത്തെ മതിൽ സ്ഥിതിചെയ്യുന്ന റോഡ് തിരക്കുള്ള ആർ.സി സ്ട്രീറ്റ് ആലുംമൂട് ജംഗ്ഷൻ റോഡാണ്. ഇവിടെ രണ്ട് ഹയർ സെക്കൻഡറി സ്കൂളുകളും മറ്റ് സ്ഥാപനങ്ങളും ഏഴ് സ്കൂളിലേക്കുള്ള കുട്ടികളും സ്കൂൾ വാഹനങ്ങളും ഉൾപ്പെടെ നിരവധി ആളുകൾ സഞ്ചരിക്കുന്നുണ്ട്. ബന്ധപ്പെട്ടവർ എത്രയും വേഗം പാഴ്‌മരങ്ങൾ മുറിച്ചുമാറ്റി കെ.എസ്.ആർ.ടി.സിയുടെ ചുറ്റുമതിൽ ബലപ്പെടുത്തി അപകടം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.