ss

നയൻതാരയെ കേന്ദ്രകഥാപാത്രമാക്കി നവാഗതരായ സന്ദീപ് കുമാറും ജോർജ് ഫിലിപ്പ് റോയിയും ചേർന്ന് സംവിധാനം ചെയ്യുന്ന ഡിയർ സ്റ്റുഡന്റ്സ് തുടർ ചിത്രീകരണം ചെന്നൈയിൽ ആരംഭിച്ചു. നയൻതാര ലൊക്കേഷനിൽ ജോയിൻ ചെയ്തു. ചിത്രത്തിന്റെ നിർമ്മാതാവായ നിവിൻ പോളി അതിഥിവേഷത്തിൽ എത്തുന്നുണ്ട്. കോളേജ് അദ്ധ്യാപികയുടെ വേഷമാണ് നയൻതാര അവതരിപ്പിക്കുന്നത്.നിവിൻ പോളിയും അധ്യാപകന്റെ വേഷത്തിലാണ്. ലൗ ആക്‌‌ഷൻ ഡ്രാമയ്‌‌ക്കുശേഷം നിവിൻ പോളിയും നയൻതാരയും ഒരുമിക്കുന്ന ചിത്രത്തിന് കൊച്ചിയിലും ചിത്രീകരണമുണ്ടായിരുന്നു. പ്രേമം, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള തുടങ്ങിയ ചിത്രങ്ങളിൽ സഹസംവിധായകരായി പ്രവർത്തിച്ചവരാണ് സന്ദീപ് കുമാറും ജോർജ് ഫിലിപ്പ് റോയിയും. ആക്‌ഷൻ ഹീറോ ബിജു ആണ് നിവിൻപോളിയുടെ നിർമ്മാണത്തിൽ പുറത്തിറങ്ങിയ ആദ്യ ചിത്രം. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, കനകം കാമിനി കലഹം, മഹാവീര്യർ എന്നീ ചിത്രങ്ങളും നിർമ്മിച്ചു. താരം, ഗ്യാങ്‌സ്റ്റർ ഒഫ് മുണ്ടൻമല, ശേഖരവർമ്മ രാജാവ് എന്നീ ചിത്രങ്ങൾ നിവിൻ പോളിയുടെ നിർമ്മാണത്തിൽ അണിയറയിൽ ഒരുങ്ങുന്നുണ്ട്.അതേസമയം

ആക്‌ഷൻ ഹീറോ ബിജു 2 ഷെഡ്യൂൾ ബ്രേക്കിലാണ്. അതേസമയം മലയാളി ഫ്രം ഇന്ത്യയാണ് നിവിൻ പോളി നായകനായി അവസാനം റിലീസ് ചെയ്ത ചിത്രം. ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം ചെയ്യുന്ന ഏഴു കടൽ ഏഴു മലൈ ആണ് റിലീസിന് ഒരുങ്ങുന്ന തമിഴ് ചിത്രം. സൂരിയും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അഞ്ജലിയാണ് നായിക.നിവിൻ പോളിയുടെ വേറിട്ട വേഷപ്പകർച്ചയാണ് ചിത്രത്തിലേത്. എൻ. കെ. ഏകാംബരം ക്യാമറ ചലിപ്പിക്കുന്നു.