
പള്ളിക്കൽ: നിർമ്മാണം പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും ഉപയോഗിക്കാൻ കഴിയാതെ പൊതു ടോയ്‌ലെറ്റ്. മടവൂർ സീമന്തപുരം പൊതുചന്തയോടു ചേർന്ന് 2019ൽ നിർമ്മിച്ച ടോയ്‌ലെറ്റ് പൊതുജനത്തിനായി ഇനിയും തുറന്നുകൊടുത്തില്ല. മൂന്ന് മുറികളുള്ള ടോയ്‌ലെറ്റ് ഏകദേശം 5 ലക്ഷത്തോളം രൂപ ചെലവിൽ കഴിഞ്ഞ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ് നിർമ്മിച്ചത്. ജലം ശേഖരിക്കുന്നതിനായി സ്ഥാപിച്ച പി.വി.സി സംഭരണ ടാങ്ക് ഈ ചെറു കെട്ടിടത്തിന്റെ മുകളിൽ സ്ഥാപിച്ചിട്ടുണ്ട്. നിർമ്മാണം പൂർത്തിയായിട്ടും വൈദ്യുതിയും വെള്ളവും ഇല്ലാത്തതാണ് ഉദ്ഘാടനം നീണ്ടുപോകാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.
 അനാസ്ഥയെന്ന്
മടവൂർ ഗ്രാമപഞ്ചായത്തിൽ ഇപ്പോൾ സജീവമായി പ്രവർത്തിക്കുന്ന ഏക പൊതുചന്ത കൂടിയാണ് സീമന്തപുരത്തേത്. ഇവിടെ കച്ചവടക്കാരും സാധനങ്ങൾ വാങ്ങാനെത്തുന്നവരും നാൾക്കുനാൾ വർദ്ധിച്ചുവരുന്നുണ്ട്. ടോയ്‌ലെറ്റ് ആർക്കും ഉപയോഗിക്കാൻ കഴിയാറില്ല. കെട്ടിടനിർമ്മാണം കഴിഞ്ഞപ്പോൾ കൊവിഡെത്തി. ചന്തയുടെ പ്രവർത്തനവും നിറുത്തി. എന്നാൽ, കാലങ്ങൾ കഴിഞ്ഞ് ചന്തയുടെ പ്രവർത്തനം സജീവമായിട്ടും അധികൃതർ അനാസ്ഥ കാട്ടുന്നതായി നാട്ടുകാർ ആരോപിക്കുന്നു. ഈ ചന്തയിലെത്തുന്നവർ അടുത്ത പറമ്പുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
 പൊതു ചന്തയിലെ കളിസ്ഥലത്ത് അടുത്തിടെ ഫ്ലഡ് ലൈറ്റുകൾ സ്ഥാപിച്ചിരുന്നു. അതിനായുള്ള വൈദ്യുതി മീറ്ററിൽ നിന്നും ടോയ്‌ലെറ്റിലേക്കും വൈദ്യുതി എടുക്കാം. ഒരു കുഴൽക്കിണർ നിർമ്മിച്ചാൽ വെള്ളത്തിന്റെ പ്രശ്നവും പരിഹരിക്കാമെന്നാണ് നാട്ടുകാർ പറയുന്നത്.