
തിരുവനന്തപുരം: കണ്ണൂർ എ.ഡി.എം കെ.നവീൻബാബു സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും ജനപ്രതിനിധികൾ ഇടപെടലുകളിലും സംസാരത്തിലും പക്വത കാണിക്കണമെന്നും മന്ത്രി കെ.രാജൻ പറഞ്ഞു. നവീൻ ബാബുവിന്റെ വിയോഗം റവന്യു കുടുംബത്തിനും വ്യക്തിപരമായും വലിയ നഷ്ടമാണ്. അദ്ദേഹത്തെക്കുറിച്ച് മോശപ്പെട്ട ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ല. കഴിവുള്ള, സത്യസന്ധനായ, ഏത് കാര്യവും ധൈര്യമായി ഏൽപ്പിക്കാനാകുന്ന ഉദ്യോഗസ്ഥനായിരുന്നു. വ്യക്തിപരമായ എന്റെ ബോദ്ധ്യത്തിൽ നിന്നാണ് ഇത് പറയുന്നത്. അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് കണ്ണൂരിൽ നിന്ന് പത്തനംതിട്ടയിലേക്ക് മാറ്രിയത്. സംഭവം അറിഞ്ഞയുടൻ ജില്ലാ കളക്ടറോട് അടിയന്തരമായി അന്വേഷിച്ച് പ്രാഥമിക റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം ഉണ്ടാകുമെന്നും നവീൻ ബാബുവിനെതിരെ മറ്റെവിടെയെങ്കിലും കത്ത് ലഭിച്ചതായി തനിക്ക് അറിയില്ലെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണം കെ.സുധാകരൻ
കണ്ണൂർ എ.ഡി.എം നവീൻ ബാബു അത്മത്യ ചെയ്ത സംഭവത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ എംപി.ആത്മഹത്യ ചെയ്ത എ.ഡി.എമ്മും കുടുംബവും സി.പി.എം അനുഭാവികളാണ്. ഇടതുപക്ഷ അനുഭാവികളായവർക്ക് പോലും ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് ദിവ്യയെ പോലുള്ള സി.പി.എം നേതാക്കൾ ഉണ്ടാക്കുന്നത്. ഇത് ഭരണരംഗത്ത് ഗുണകരമല്ല. സി.പി.എമ്മിന്റെ ഇംഗിതത്തിനു വഴങ്ങിയില്ലെങ്കിൽ ഉദ്യോഗസ്ഥരെ ശത്രുവായി കാണുകയാണ്.ആത്മഹത്യ ചെയ്ത എ.ഡി.എം. കൈക്കൂലിക്കാരനായ ഉദ്യോഗസ്ഥനായിരുന്നില്ലെന്നാണ് സഹപ്രവർത്തകരും നാട്ടുകാരും പറയുന്നത്. ഈ ഉദ്യോഗസ്ഥനെതിരെ ആക്ഷേപം ഉണ്ടായിരുന്നെങ്കിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് നിയമപരമായി പരാതി നൽകാമായിരുന്നല്ലോ? രേഖകളുണ്ടെങ്കിൽ അതെല്ലാം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകി അന്വേഷിക്കുക ആയിരുന്നു വേണ്ടത്. അതിന് നിൽക്കാതെ പൊതുമദ്ധ്യത്തിൽ ആ ഉദ്യോഗസ്ഥനെ അധിക്ഷേപിച്ച് ആത്മഹത്യയിലേക്ക് തള്ളവിടുകയാണ് ചെയതത്.
സംഭവം കൊലപാതകത്തിന് തുല്യം: സതീശൻ
എ.ഡി.എം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ അടിയന്തരമയി കേസെടുത്ത് കുറ്റവാളിയെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. അധികാരത്തിൽ ഇരുന്ന് നേതാക്കൾ കാട്ടുന്ന അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും പ്രതിഫലനമാണ് കണ്ണൂരിൽ സംഭവിച്ചതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കൊലപാതകത്തിന് തുല്യമായ സംഭവമാണിത്. എ.ഡി.എം സി.പി.എം കുടുംബത്തിൽപ്പെട്ട ആളും ഇടത് സംഘടനാ പ്രവർത്തകനുമാണ്. അദ്ദേഹം അഴിമതിക്കാരനാണെന്ന് പ്രതിപക്ഷ സംഘടനകളിൽ പ്രവർത്തിക്കുന്നവർക്കു പോലും അഭിപ്രായമില്ല. മനഃപൂർവം വ്യക്തിഹത്യ നടത്തുന്നതിനാണ് ക്ഷണിക്കപ്പെടാത്ത ചടങ്ങിലേക്ക് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കടന്നുകയറിയത്. നിയമവിരുദ്ധ ശുപാർശ കേൾക്കാത്തതിന്റെ പേരിൽ എ.ഡി.എമ്മിന് ജീവൻ വെടിയേണ്ടി വരുന്ന അവസ്ഥയുണ്ടായത് അവിശ്വസനീയമാണ്. ജനപ്രതിനിധികളെ കുറിച്ച് ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കുന്ന സംഭവമാണിതെന്നും സതീശൻ പറഞ്ഞു.
ദിവ്യയെ അറസ്റ്റ് ചെയ്യണം: കെ.സുരേന്ദ്രൻ
എ.ഡി.എം. നവീൻ ബാബുവിന്റെ മരണം ഞെട്ടിക്കുന്നതാണെന്നും അതിന് കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. എ.ഡി.എമ്മിനെ ഭീഷണിപ്പെടുത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം. എ.ഡി.എം നവീൻ ബാബുവിന്റെ ഔദ്യോഗിക യാത്രയയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എത്തിയത് ക്ഷണിക്കപ്പെടാതെയാണ്. വേദിയിലെത്തി എ.ഡി.എമ്മിനെ അപമാനിച്ചത് മനപൂർവ്വമാണ്. ദിവ്യയുടെ വഴിവിട്ട ശുപാർശ എ.ഡി.എം അംഗീകരിക്കാത്തതാണ് വിദ്വേഷത്തിന് കാരണമെന്ന് വ്യക്തമാണ്. സത്യസന്ധനായ ഉദ്യോഗസ്ഥനെ അഴിമതിക്കാരനായി ചിത്രീകരിച്ച് ആത്മഹത്യക്ക് പ്രേരിപ്പിക്കുകയായിരുന്നു. പി.പി.ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണയ്ക്കും നരഹത്യയ്ക്കും കേസെടുക്കണം. സി.പി.എം. നേതാക്കൾ കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥൻമാരുടെ ആത്മവിശ്വാസം തകർക്കുന്നത് പതിവായിരിക്കുകയാണ്. പിപി ദിവ്യ ഉടൻ സ്ഥാനം രാജിവെക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
പരാമർശം ഒഴിവാക്കേണ്ടതായിരുന്നു: എം.വി.ജയരാജൻ
എ.ഡി.എം കെ.നവീൻ ബാബുവിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ വിമർശിച്ചത് സദുദ്ദേശ്യത്തോടെയാണെങ്കിലും പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞു. ജനപ്രതിനിധികളോട് സ്വന്തം അനുഭവത്തിലുണ്ടാകുന്ന തെറ്റായ പ്രവണതകൾ ജനം പറയും. പറഞ്ഞുകേട്ട ജനകീയ സങ്കടങ്ങളാണെങ്കിൽ പോലും യാത്ര അയപ്പ് യോഗത്തിൽ അത് ഒഴിവാക്കേണ്ടതായിരുന്നു. ഇതുസംബന്ധിച്ച പരാതികൾ സർക്കാർ അന്വേഷിക്കേണ്ടതും വ്യക്തത വരുത്തേണ്ടതുമാണ്. ദിവ്യക്കെതിരെ നടപടിയുണ്ടാകുമോയെന്ന ചോദ്യത്തോട് എം.വി.ജയരാജൻ പ്രതികരിച്ചില്ല.
അന്വേഷണം വേണമെന്ന് സി.പി.എം ജില്ലാസെക്രട്ടറി
നവീൻ ബാബുവിന്റെ മരണത്തെപ്പറ്റി സമഗ്ര അന്വേഷണം വേണമെന്ന് സി.പി.എം ജില്ലാ കമ്മിറ്റി . നടന്ന സംഭവങ്ങളെ ഗൗരവമായാണ് പാർട്ടി കാണുന്നതെന്ന് ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പറഞ്ഞു. സംഭവത്തെക്കുറിച്ച് കൃത്യമായ അന്വേഷണം ഉണ്ടാകും. സി.പി.എമ്മുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ച കുടുംബമായിരുന്നു നവീനിന്റേതെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്ന് സി.പി.എം സംസ്ഥാന സമിതി അംഗം രാജു എബ്രഹാം ആവശ്യപ്പെട്ടു.
ദിവ്യയുടേത് വിവരക്കേടെന്ന് സി.ഐ.ടി.യു നേതാവ്
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ കളക്ടറേറ്റിൽ വിളിക്കാത്ത യോഗത്തിന് പോയത് വിവരക്കേടാണെന്നും അവിടെ പറഞ്ഞത് മര്യാദയ്ക്ക് നിരക്കാത്ത വാക്കുകളാണെന്നും സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം മലയാലപ്പുഴ മോഹനൻ പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവരുമായി നല്ലബന്ധം പുലർത്തിരുന്ന ആളായിരുന്നു നവീൻ ബാബു. അദ്ദേഹത്തിന്റെ കുടുംബത്തിന് നീതി ലഭിക്കണം. പാർട്ടി കുടുംബത്തിലെ അംഗമെന്ന നിലയിൽ ഈ സംഭവത്തിൽ നീതി ലഭിക്കാൻ അങ്ങേയറ്റംവരെ പോകും.
എ.ഡി.എമ്മിനെക്കുറിച്ച് ആക്ഷേപമില്ല
എ.ഡി.എം കെ.നവീൻ ബാബുവിന്റെ ആത്മഹത്യ ദൗർഭാഗ്യകരമായ സംഭവമാണെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ പറഞ്ഞു. അദ്ദേഹത്തെക്കുറിച്ച് തങ്ങൾക്ക് ആക്ഷേപമില്ല. ഇന്നലെ പ്രസിഡന്റ് പറയുമ്പോഴാണ് വിഷയം ശ്രദ്ധയിൽപ്പെട്ടത്. സമീപകാലത്ത് ജില്ലയിലെത്തിയ ഉദ്യോഗസ്ഥനാണ് അദ്ദേഹമെന്നും മറ്റ് അടുപ്പങ്ങളില്ലെന്നും വൈസ് പ്രസിഡന്റ് പറഞ്ഞു.