hi

കിളിമാനൂർ: കാലപ്പഴക്കം ചെന്ന് നിലം പതിക്കാറായ കെട്ടിടം,​ ഇരുട്ടുനിറഞ്ഞ മുറികൾ,​ പൊളിഞ്ഞ മേൽക്കൂര,​ കെട്ടിടത്തിന്റെ മുകളിലേക്ക് ചാഞ്ഞ വൃക്ഷങ്ങൾ ഇവയാണ് കിളിമാനൂർ എക്സൈസ് ഓഫീസ്. പുതിയകാവ് പബ്ലിക്ക് മാർക്കറ്റിനു സമീപം പഞ്ചായത്ത് കെട്ടിടത്തിലാണ് എക്സൈസ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. പരിമിതികൾ നിറഞ്ഞ കെട്ടിടത്തിൽ വലിയ കാറ്റോ മഴയോ വന്നാൽ ഇവിടുത്തെ എക്സൈസ് ഓഫീസർമാർക്ക് സമാധാനത്തിലിരുന്ന് ജോലി ചെയ്യാൻ പേടിയാണ്. ഈ ഓഫീസിനോടു ചേർന്ന് പ്രവർത്തിച്ചിരുന്ന പൊലീസ് സ്റ്റേഷനും വില്ലേജ്ഓഫീസുമൊക്കെ സ്മാർട്ട് കെട്ടടിത്തിലേക്ക് മാറിയെങ്കിലും എക്സൈസിനെ മാത്രം ആരും കണ്ടമട്ടില്ല. ഓടുപാകിയ മേൽക്കൂരയിൽ മരക്കൊമ്പുകൾ വീണ് പല ഓടുകളും പൊട്ടി. ഇതോടെ മഴപെയ്താൽ സ്റ്റേഷൻ ചോരും. ഓട് പൊട്ടുന്നത് പതിവായതോടെ സിലിംഗ്ചെയ്ത് ചോർച്ച തത്കാലം പരിഹരിച്ചെങ്കിലും വലിയ മഴ പെയ്താൽ സീലിംഗ് പോരാതെ വരും.

 പകർച്ചാവ്യാധി ഭീഷണിയും

പഴയ കെട്ടിടമായതുകൊണ്ടുതന്നെ ഉദ്യോഗസ്ഥർക്ക് പ്രത്യേക മുറികളും ഇല്ല. പുതിയകാവ് പബ്ലിക്ക് മാർക്കറ്റിൽ നിന്നുള്ള രൂക്ഷഗന്ധവും മാലിന്യങ്ങളും ഉദ്യോഗസ്ഥർക്ക് പകർച്ചവ്യാധികൾക്കുവരെ കാരണമാകുന്നു. ഓഫീസിന് സമീപത്തായാണ് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു വച്ചിരിക്കുന്നതും. സ്ഥല പരിമിതിയിൽ വീർപ്പുമുട്ടുന്നതുകൊണ്ട് ഉദ്യോഗസ്ഥരുടെ വാഹനം പോലും പാർക്ക് ചെയ്യാൻ പറ്റില്ല.

 ടോയ്‌ലെറ്റ് ദയനീയം:

രണ്ട് വനിത പൊലീസുകാരുൾപ്പെടെ 14 ഉദ്യോഗസ്ഥരാണ് സ്റ്റേഷനിലുള്ളത്. പഴകിയ ഈ കെട്ടിടത്തിന്റെ ടോയ്‌ലെറ്റ് പോലും ദയനീയമാണ്. പഴയ കെട്ടിടത്തിൽ ടോയ്‌ലെറ്റ് പുതുക്കിപ്പണിയുന്നതും വെല്ലുവിളിയാണ്. ഓരോ ദിവസവും എല്ലാ വെല്ലുവിളിയും നേരിട്ടാണ് ഇവർ കടന്നു പോകുന്നത്.