36

ഉദിയൻകുളങ്ങര: അമരവിള-കാരക്കോണം റോഡ് നവീകരണം ഇഴയുന്നതും നിർമ്മാണത്തിലെ അപാകതകളും കാരണം പൊറുതിമുട്ടി നാട്ടുകാർ. ഒന്നരവർഷക്കാലമായി റോഡിനായി സ്ഥലമെടുത്ത് കെട്ടിടങ്ങളും മതിലുകളും പൊളിച്ചുമാറ്റി പണി ആരംഭിച്ചിട്ട്. നാളിതുവരെ പണി പൂർത്തീകരിക്കാനോ റോഡുകളിലെടുത്ത കുഴികൾ മൂടാനോ അധികൃതർ തയ്യാറായിട്ടില്ല.

മഴയെത്തുമ്പോൾ നിർമ്മാണത്തിന്റെ ഭാഗമായി എടുത്ത റോഡിലെ കുഴികളും വെള്ളക്കെട്ടും ചെളിയും കാരണം ധനുവച്ചപുരം പാർക്ക് ജംഗ്ഷൻ മുതൽ നെടിയാംക്കോട് വരെയുള്ള ഭാഗങ്ങളിൽ അപകടങ്ങൾ പെരുകുകയാണ്. രണ്ടു മാസങ്ങൾക്കു മുമ്പ് കൊറ്റാമം സ്വദേശിയായ പൊലീസുകാരൻ ബൈക്കിൽ നിന്നു തെന്നിവീണ് പരിക്കേറ്റിരുന്നു. മേയ്പുരം ചർച്ചിനു സമീപം റോഡിൽ അടുക്കിവച്ചിരുന്ന ഓട നിർമ്മാണ സാമഗ്രികളിലെ കമ്പിയിൽ തട്ടി വെള്ളറട സ്വദേശിയായ ബൈക്ക് യാത്രികനും ഗുരുതരമായി പരിക്കേറ്റ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

രാത്രിയായാൽ വേണ്ടത്ര വെളിച്ചമില്ലായ്മയും റോഡിലെ നിർമ്മാണ സാമഗ്രികളിൽ വേണ്ടത്ര സിഗ്നൽ വയ്ക്കാത്തതും അപകടങ്ങൾ പെരുകാൻ കാരണമാകുന്നു.

റോഡ് നിർമ്മാണം മന്ദഗതിയിൽ

മാസങ്ങളായി തുടങ്ങിയ റോഡ് നിർമ്മാണം മന്ദഗതിയിലായതോടെ റോഡിലെ വെള്ളക്കെട്ട് കടകളിലേക്കും വീടുകളിലേക്കും ഒഴുകിയെത്തുന്നതിനാൽ സ്ഥാപനങ്ങൾ പൂട്ടിയും വീടൊഴിഞ്ഞും മാറിപ്പോകേണ്ട ഗതികേടിലാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. അസുഖബാധിതരായ പലരും ഇവിടെ നിന്നു മാറി വാടകക്കെട്ടിടങ്ങളിലേക്ക് ചേക്കേറി.

മലയോര ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന

ഏഴു കിലോമീറ്റർ ദൂരപരിധി നിശ്ചയിച്ചുകൊണ്ട്

29കോടി രൂപ മുടക്കി അത്യാധുനിക രീതിയിൽ നവീകരിക്കുന്ന റോഡ് 12മീറ്റർ വീതിയിൽ സ്ഥലമെടുത്ത് 9 മീറ്റർ വീതിയിലാണ് ബി.എം.ബി.സി ടാറിടൽ നടത്തുന്നത്.

പ്രതിഷേധം ശക്തം

ധനുവച്ചപുരം ഐ.ടി.ഐ കവലയിൽ റോഡിനെക്കാൾ ഉയരത്തിലാണ് ഓട നിർമ്മിക്കുന്നത്. ഇതിൽ പരാതികളുമായി അധികൃതരെ സമീപിച്ചിട്ടും പരിഹാരം ഉണ്ടാകാത്തതിനാൽ നാട്ടുകാരും റോഡ് വികസന സംരക്ഷണസമിതിയും കോൺഗ്രസും ബി.ജെ.പിയും പ്രതിഷേധകൂട്ടായ്മകൾ സംഘടിപ്പിച്ചിരുന്നു.

റോഡ് നിർമ്മാണ പദ്ധതിയിൽ

റോഡ് സുരക്ഷ സംവിധാനങ്ങൾ, നടപ്പാതകൾ, ജലവിതരണ കുഴലുകൾ,ടെലിഫോൺ കേബിളുകൾ എന്നിവയ്ക്കായി യൂട്ടിലിറ്റി ഷിഫ്റ്റിംഗ്, ബസ് വേ,ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, അഞ്ചിലേറെ കലുങ്ക് നിർമ്മാണം.