
കല്ലമ്പലം: കല്ലമ്പലത്ത് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണവും ചീഞ്ഞ മത്സ്യവും കണ്ടെത്തി നശിപ്പിച്ചു. നാവായിക്കുളം പ്രാഥമികരോഗ്യകേന്ദ്രം ആരോഗ്യ വിഭാഗവും ഫുഡ് ആൻഡ് സേഫ്റ്റി വർക്കല സർക്കിളും സംയുക്തമായി കല്ലമ്പലം നാവായിക്കുളം മേഖലയിൽ നടത്തിയ പരിശോധനയിലാണ് നടപടി. ഹെൽത്തി കേരളയുടെ ഭാഗമായി ഹോട്ടലുകൾ, ബേക്കറികൾ, പൗൾട്രിഫാമുകൾ, കല്ലമ്പലം മാർക്കറ്റ് എന്നിവിടങ്ങൾ പരിശോധന നടത്തിയത്.
ഫുഡ് ആൻഡ് സേഫ്റ്റി വർക്കല സർക്കിളിന്റെ സഞ്ചരിക്കുന്ന ലാബ് കല്ലമ്പലം മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ പഴകിയതും ചീഞ്ഞതുമായ 15 കിലോഗ്രാം ചൂര മീൻ പിടിച്ചെടുത്തു. വില്പനയ്ക്ക് വെച്ചിരുന്ന മറ്റു മീനുകളും പരിശോധന നടത്തി കുഴപ്പമില്ലെന്ന് ഉറപ്പുവരുത്തി. ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പരിഹാര നിർദ്ദേശങ്ങളും നൽകി.
വരുന്ന ആഴ്ചയിലും ആരോഗ്യവിഭാഗത്തിന്റെയും ഫുഡ് ആൻഡ് സേഫ്റ്റി വർക്കല സർക്കിളിന്റെയും നേതൃത്വത്തിൽ തുടർ പരിശോധന നടത്തുമെന്ന് പി.എച്ച്.സി ഹെൽത്ത് ഇൻസ്പെക്ടർ ഷാകവിരാജൻ അറിയിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ റാഫി.വൈ, വിജീഷ്.വി, ലിജാ.വി ഭക്ഷ്യ സുരക്ഷാ ജീവനക്കാർ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.