cm
cm

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് മാസാദ്യം ശമ്പളം നൽകുന്നത് ഉടൻ യാഥാർത്ഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ.എസ്.ആർ.ടി.സി പുതുതായി നിരത്തിലിറക്കിയ എ.സി സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസുകൾ ഫ്ലാഗ്ഓഫ് ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കടുത്ത പ്രതിസന്ധി തരണം ചെയ്ത് കെ.എസ്.ആർ.ടി.സി പുരോഗതിയിലേക്ക് കുതിക്കുകയാണ്. യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങളും ജീവനക്കാർക്ക് സുരക്ഷയും ഏർപ്പെടുത്തിയ അത്യാധുനിക ബസുകളാണ് പുറത്തിറക്കിയിരിക്കുന്നത്. കെ.എസ്.ആർ.ടി.സിയുടെ തനത് ഫണ്ടിൽ നിന്നാണ് 10 പുതിയ ബസുകൾ വാങ്ങിയത്. നല്ല രീതിയിൽ പ്രതിസന്ധി നേരിട്ട സ്ഥാപനം മെച്ചപ്പെട്ടതാണ് ഇതിലൂടെ വ്യക്തമാകുന്നത്. പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടുത്താൻ കാര്യമായ ഇടപെടൽ സർക്കാ‌ർ നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗതാഗത മന്ത്രി കെ.ബി.ഗണേശ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, കൗൺസിലർ ഡി.ജി.കുമാരൻ, കെ.എസ്.ആർ.ടി.സി സി എം.ഡി പ്രമോജ് ശങ്കർ, ആനന്ദ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

ലോഫ്ലോർ ബസുകളെക്കാൾ നിരക്ക് കുറവ്

 സൂപ്പർഫാസ്റ്റിനേക്കാൾ കൂടിയതും എ.സി ലോഫ്ലോർ ബസുകളേക്കാൾ കുറഞ്ഞതുമായ നിരക്ക്.

 തിരക്ക് കൂടുന്നതിനനുസരിച്ച് ചാർജിൽ മാറ്റമുണ്ടാകും

 പത്ത് ബസുകളിൽ 5 സർവീസുകൾ ഇന്നുതുടങ്ങും

 തിരുവനന്തപുരത്ത് നിന്ന് നാലെണ്ണം തൃശൂരിലേക്കും ഒരെണ്ണെം വാളകം- പത്തനാപുരം വഴി തൊടുപുഴയിലേക്കും

 എല്ലാ സീറ്റിലും ബെൽറ്റ്, റീഡിംഗ് ലാമ്പ്, മൊബൈൽ ചാർജിംഗ് പോയിന്റ്, മാഗസിൻ- ബോട്ടിൽ ഹോൾഡർ

 ഒരു ജി.ബി വരെ വൈഫൈ സൗജന്യം

 ഡ്രൈവർ അശ്രദ്ധമായി വാഹനമോടിക്കുകയോ, ഉറങ്ങുകയോ, മൊബൈൽ ഫോൺ ഉപയോഗിക്കുകയോ ചെയ്താൽ അലേർട്ട് ചെയ്യുന്ന എ.ഐ ക്യാമറ സിസ്റ്റം