
തിരുവനന്തപുരം: അഡി.ഡി.ജി.പി എം.ആർ അജിത്കുമാറിനെതിരേ താൻ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവുകൾ നൽകാൻ പി. വി അൻവർ എം.എൽ.എക്കായില്ലെന്ന്. ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി കടമ നിറവേറ്റിയില്ലെന്ന ആരോപണം പ്രത്യേക സംഘത്തിന്റെ പരിധിക്ക് പുറത്തുള്ളതാണെന്നും ഇന്നലെ മുഖ്യമന്ത്രി നിയമസഭയിൽ വച്ച റിപ്പോർട്ടിൽ പറയുന്നു.
എ.ഡി.ജി.പിയുടെ അനധികൃത സ്വത്തടക്കം പതിനൊന്ന് ആരോപണങ്ങൾ വിജിലൻസ് അന്വേഷിക്കുകയാണ്. സർക്കാരിന് തുടർനടപടി സ്വീകരിക്കാം.
സ്വർണക്കടത്ത് മൂടിവയ്ക്കാൻ എടവണ്ണയിലെ റിദാൻ ബാസിലിനെ എഡിജിപിയുടെ നിർദേശപ്രകാരം കൊലപ്പെടുത്തിയെന്ന അൻവറിന്റെ ആരോപണത്തിന് തെളിവില്ല. എം.ആർ. അജിത് കുമാറിന്റെ ഭാര്യയുടെ ഫോൺകോൾ കേരളത്തിലെയും മുംബയിലെയും കള്ളക്കടത്തുകാരുടെ ഫോണിലേക്ക് ഫോർവേഡ് ചെയ്തെന്ന ആരോപണം വിജിലൻസ് അന്വേഷണത്തിലാണ്. അജിത്കുമാർ ആർ.എസ്.എസിനെയും ഗുണ്ടാസംഘങ്ങളെയും പിന്തുണയ്ക്കുന്നെന്ന ആരോപണത്തിനും തെളിവ് നൽകിയില്ല.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും മാദ്ധ്യമപ്രവർത്തകരുടെയും ഫോൺചോർത്താൻ ഐ.പി.എസ് ഉദ്യോഗസ്ഥനെ അജിത് നിയോഗിച്ചെന്ന ആരോപണവും വാസ്തവമല്ല. അനധികൃതമായി ഫോൺ ചോർത്തുന്നില്ല. കോഴിക്കോട്ട് കാണാതായ മാമിയെ കൊലപ്പെടുത്തിയതാണെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. കുടുംബത്തിന്റെ ആവശ്യപ്രകാരം അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു. കോഴിക്കോട് കമ്മിഷണറെ ഒഴിവാക്കി അജിത് അന്വേഷണ സംഘം രൂപീകരിച്ചത് വിവാദത്തിന് വഴിവച്ചു. മാമികേസ് സി.ബി.ഐക്ക് വിടുന്നത് പൊലീസിന്റെ നയത്തിന് വിരുദ്ധം. അവധിയെടുത്തശേഷം എസ്.പി സുജിത്ദാസ് തെളിവ് നശിപ്പിച്ചതായി കണ്ടെത്തിയില്ല.
മാവോയിസ്റ്റ് ഫണ്ടിൽ
അജിത്തിന് റോളില്ല
മാവോയിസ്റ്റ് വേട്ടയ്ക്കുള്ള ഫണ്ടിൽ തിരിമറിയെന്ന ആരോപണവും ശരിയല്ല. കേന്ദ്ര, സംസ്ഥാന ചട്ടപ്രകാരമാണ് ഫണ്ട് ചെലവിടുന്നത്. ഓഡിറ്റിനും വിധേയമാണ്. എഡിജിപിക്ക് പങ്കില്ല.
കരിപ്പൂരിലെ സ്വർണക്കടത്ത് പിടിച്ച ചില കേസുകളിൽ അന്വേഷണത്തിൽ വീഴ്ചകൾ കണ്ടെത്തി. തൃശൂർ റേഞ്ച് ഡി.ഐ.ജി അന്വേഷിച്ച് നടപടിയെടുക്കും.
സോളാർ കേസിലെ ആരോപണങ്ങൾ പ്രത്യേക സംഘത്തിന്റെ പരിധിയിലല്ല. കേസ് സി.ബി.ഐ അന്വേഷിച്ച് അന്തിമറിപ്പോർട്ട് കോടതിയിൽ നൽകിയതാണ്. കോട്ടയ്ക്കൽ സ്റ്റേഷനിൽ മെസ് ഹാൾ നിർമ്മാണത്തിലെ ക്രമക്കേടുകളിൽ നോർത്ത് സോൺ ഐ.ജി നടപടിയെടുക്കും.
പൂരംകലക്കൽ: ഡിജിപി അന്വേഷിച്ചില്ല
തൃശൂർ പൂരം കലക്കിയതിൽ എ.ഡി.ജി.പി അജിത്തിനെതിരേ അന്വേഷണം നടത്തിയില്ല. അജിത്തിന്റെ അന്വേഷണ റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലുള്ളതിനാലാണിത്. പൂരം നടത്തിപ്പ് ജില്ലാ ഭരണകൂടത്തിനും ജില്ലാ പൊലീസിനുമാണെന്നാണ് അജിത് ഡിജിപിക്ക് മൊഴിനൽകിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കുകയാണ് പൊലീസിന്റെ ചുമതല. ഹൈക്കോടതി മാർഗനിർദ്ദേശപ്രകാരവും സർക്കാരിന്റെ പ്രോട്ടോക്കോൾ പ്രകാരവുമാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ ഇവ മറികടന്നു. മാർഗരേഖ കർശനമായി നടപ്പാക്കാൻ പൊലീസ് സ്‌കീമുണ്ടാക്കി. ഒരു ദേവസ്വം പൊലീസിന് പ്രശ്നങ്ങളുണ്ടാക്കി.
കൈമാറിയത്
അഞ്ച് ശബ്ദരേഖ
അൻവർ കൈമാറിയ അഞ്ച് ശബ്ദരേഖയും ജനങ്ങൾക്ക് ലഭ്യമായതാണ്. നാലും എസ്.പി സുജിത്തുമായുള്ള ഫോൺ സംഭാഷണമാണ്. സോഫ്‌റ്റ്‌വെയറുപയോഗിച്ച് ശബ്ദം മാറ്റി, പൊലീസുദ്യോഗസ്ഥനെന്ന് അവകാശപ്പെട്ടുള്ള ഫോൺവിളിയാണ് മറ്റൊന്ന്.