election

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് വിജയത്തിന് ജീവന്മരണ പോരാട്ടത്തിനുള്ള പ്രചാരണ തന്ത്രങ്ങളാവും ഭരണ -പ്രതിപക്ഷ മുന്നണികൾ പയറ്റുക. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലുണ്ടാക്കിയ നേട്ടത്തിനു പിന്നാലെ മറ്റൊരു അട്ടിമറിയാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.

ചേലക്കര സീറ്റ് നിലനിറുത്തുന്നതിനൊപ്പം പാലക്കാട് കൂടി പിടിച്ചെടുക്കാനായാൽ സംസ്ഥാന സർക്കാരിന് ചോദ്യം ചെയ്യപ്പെടാനാവാത്തവിധം തല ഉയർത്തി നിൽക്കാം. യു.ഡി.എഫിനാകട്ടെ, പാലക്കാട് സീറ്റ് നിലനിറുത്തുകയും ചേലക്കര പിടിച്ചെടുക്കുകയും ചെയ്താൽ തങ്ങൾ നടത്തിയ സർക്കാർ വിരുദ്ധ പോരാട്ടങ്ങൾ ഫലം കണ്ടുവെന്ന് അടിവരയിട്ട് ഉറപ്പിക്കാം.

നിരവധി ആരോപണങ്ങളാണ് നേരിടുന്നതെങ്കിലും സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞുള്ള പ്രചാരണത്തിനാവും ഇടതുമുന്നണി രൂപം നൽകുക. ലൈഫ് ഭവനമടക്കം പാവപ്പെട്ടവർക്കായി ആവിഷ്കരിച്ച പദ്ധതികൾ അക്കമിട്ട് നിരത്തും. കേന്ദ്രം ഉണ്ടാക്കുന്ന സാമ്പത്തിക സമ്മർദ്ദവും ആയുധമാക്കും. പൊതുവിതരണരംഗം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ കൈവരിച്ച നേട്ടങ്ങളും രാജ്യത്തെ വിവിധ വികസന സൂചികകളിൽ കേരളം ഒന്നാമതെത്തിയതിന്റെ വിശദാംശങ്ങളും താഴെത്തട്ടുവരെ എത്തുംവിധമാവും പ്രചാരണം.

സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ എല്ലാ വീടുകളിലുമെത്തി വിശദമാക്കിയാവും യു.ഡി.എഫ്

പ്രചാരണം. പൂരം കലക്കൽ, അഴിമതി, സാമ്പത്തിക പ്രതിസന്ധി, ആർ.എസ്.എസ് -സി.പി.എം ബന്ധം തുടങ്ങി ഒരുപിടി വിഷയങ്ങളാണ് അവർ ആയുധമാക്കുന്നത്. കണ്ണൂരിൽ ഇടതുപക്ഷ അനുഭാവിയായ എ.ഡി.എം സി.പി.എം നേതാവായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ

പരസ്യ അധിക്ഷേപത്തിൽ ജീവനൊടുക്കിയ സാഹചര്യവും യു.ഡി.എഫിന് ആയുധമാണ്.

ശബരിമലയിൽ ഭക്തർക്ക് ഏർപ്പെടുത്തിയ നിയന്ത്രണമാവും ബി.ജെ.പിയുടെ മുഖ്യ

പ്രചാരണ വിഷയം. യുക്തമായ പരിഹാരം കണ്ടെത്തുന്നതിൽ പിണറായി സർക്കാരിന് വീഴ്ച പറ്റിയെന്ന് സ്ഥാപിക്കാനാവും പ്രധാന ശ്രമം. ഹിന്ദു ദിനപ്പത്രത്തിലെ മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖവും സ്വർണക്കടത്തുമായി ബന്ധപ്പെട്ട പരാമർശങ്ങളും ആയുധമാക്കും.

രാഹുലും രമ്യയും

സ്ഥാനാർത്ഥികൾ

പാലക്കാട് നിയമസഭ മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനേയും ചേലക്കരയിൽ മുൻ എം.പി രമ്യഹരിദാസിനേയും കോൺഗ്രസ് സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ, ഡി.വൈ.എഫ്.ഐ നേതാവ് വി.വസീഫ്, ജില്ലാ പഞ്ചായത്ത് അംഗം സഫ്ദർ ഷെരീഫ് എന്നിവരെയാണ് പാലക്കാട്ടേക്ക് എൽ.ഡി.എഫ് പരിഗണിക്കുന്നത്. ഇതിൽ ബിനുമോൾക്കാവും കൂടുതൽ സാദ്ധ്യത. ചേലക്കരയിൽ പട്ടികജാതി ക്ഷേമകോർപ്പറേഷൻ ചെയർമാൻ യു.ആർ.പ്രദീപിനാണ് സാദ്ധ്യത.