
പാലോട്: പാണ്ഡ്യൻപാറയിൽ വിദ്യാർത്ഥിനിയെ കാട്ടുപോത്ത് ഓടിച്ചതിനെ തുടർന്ന് വീണ് പരിക്കേറ്റു. പാണ്ഡ്യൻപാറ ഉതിരചിറ തോടരികത്ത് വീട്ടിൽ അനാമിക (14)യ്ക്കാണ് പരിക്കേറ്റത്. ഒറ്റയാൻ കാട്ടുപോത്താണ് കുട്ടിയെ ഓടിച്ചത്. ഭയന്നോടവെ കുട്ടി വീഴുകയായിരുന്നു. കൈയ്ക്കും തോളെല്ലിനും പൊട്ടലുണ്ട്. കഴിഞ്ഞ ദിവസം രാവിലെ 7 മണിയോടെ ട്യൂഷന് പോയ വഴിയിലാണ് സംഭവം.ഭരതന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിനിയാണ് അനാമിക.കുട്ടിയുടെ നിലവിളി കേട്ട് വീട്ടുകാർ വന്നതോടെ കാട്ടുപോത്ത് വനത്തിലേക്കോടി. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച അനാമിക ചികിത്സയിൽ തുടരുകയാണ്.കഴിഞ്ഞ ബുധനാഴ്ച ഇവിടെ നിന്നും 300 മീറ്റർ മാറി 15ഓളം കാട്ടുപോത്തുകൾ റോഡ് മുറിച്ചുകടന്ന് വനത്തിലേക്ക് പോകുന്ന സംഭവവുമുണ്ടായിരുന്നു.